പിന്‍വലിച്ചത് ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷ; വിധിന്യായങ്ങളും വിമര്‍ശനങ്ങളും പ്രകോപിപ്പിച്ചിരിക്കാം: ജസ്റ്റിസ് കമാല്‍ പാഷ

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് കമാല്‍ പാഷ 24 കേരളയോട് പറഞ്ഞു.

പ്രത്യേക സുരക്ഷയുമായി നിലയുറപ്പിച്ച പൊലീസ് സേനാംഗങ്ങളെ സര്‍ക്കാര്‍ തിരികെ വിളിച്ചിട്ടുണ്ട്. എനിക്ക് ഐഎസ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ സുരക്ഷ പിന്‍വലിച്ചാല്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണ്. ഐഎസ് ഭീഷണി അത് യാഥാര്‍ഥ്യമാണ്.

ഈ ഘട്ടത്തില്‍ സുരക്ഷ മാത്രമല്ല പൈലറ്റ്‌ സംവിധാനം വരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. പൈലറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. അപ്പോഴാണ്‌ സുരക്ഷ കൂടി പിന്‍വലിക്കാന്‍ തീരുമാനം വരുന്നത്. എത്രനാള്‍ ജീവിക്കും എന്നൊന്നും ആര്‍ക്കും എഴുതി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ ആശങ്കയില്ല.

ഉന്നത അതോറിറ്റി അറിഞ്ഞു തന്നെയാണോ ഈ തീരുമാനം വന്നത് എന്ന്‍ അറിയില്ല. സാധാരണ ഗതിയില്‍ രണ്ടു സുരക്ഷാ ജീവനക്കാരെ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കാറുണ്ട്. പക്ഷെ ഐഎസ് ഭീഷണി നേരിടുന്നതിനാല്‍ ആയുധധാരികളായ പൊലീസുകാരുടെ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആ സുരക്ഷയാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

എന്റെ ശക്തമായ നിലപാടുകള്‍ സര്‍ക്കാരിനു പ്രകോപനപരമായി തോന്നിയേക്കാം. വിധി ന്യായങ്ങളും സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരിക്കാം. ഇതെല്ലാം സുരക്ഷ പിന്‍വലിക്കാനുള്ള കാരണങ്ങള്‍ ആയി മാറിയിട്ടുണ്ടാകാം. വിമര്‍ശനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ്. വിധിന്യായങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസത്ത സംരക്ഷിച്ചു കൊണ്ടുള്ളതാണ്. എല്ലാ നിരീക്ഷണങ്ങളും വേറിട്ട്‌ നില്‍ക്കുന്ന കാഴ്ചപ്പാടുകള്‍ പിന്‍പറ്റിയുള്ളതാണ്.

ന്യായാധിപന്‍ എന്ന നിലയില്‍ എനിക്ക് രാഷ്ട്രീയമുണ്ടായിരുന്നില്ല. ജനകീയ പ്രശ്നങ്ങള്‍ വരുമ്പോള്‍ സ്വാതന്ത്ര നിലപാടുകള്‍ എടുക്കേണ്ടി വരും. എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കോളേജ് കാമ്പസില്‍ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി എന്തുകൊണ്ട് ഇത്ര ദിവസം സുരക്ഷിതനായി നിന്നു? ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്റെ ശക്തമായ വിമര്‍ശനം വന്നപ്പോള്‍ പിറ്റേന്ന് തന്നെ മുഖ്യപ്രതിയെ പൊലീസ് പൊക്കി.അതെങ്ങിനെ സംഭവിച്ചു.

ഇങ്ങിനെ സംഭവിക്കും എന്ന് അറിയാവുന്നതിനാലാണ്  ശക്തമായ  രീതിയില്‍ പ്രതികരണം നടത്തിയത്.  ഈ വിമര്‍ശനം ഒരു പ്രമുഖ ചാനലില്‍ നടത്തിയതിന്റെ പിറ്റേന്ന് എങ്ങിനെ ഈ കേസിലെ മുഖ്യ പ്രതിയായ നേതാവിനെ പിടിച്ചു? ഇത്തരം ഘട്ടങ്ങളില്‍ ഒരു തുറന്നു പറച്ചിലും ശക്തമായ പ്രതികരണങ്ങളും ആവശ്യമായി വരുന്നു. ഇതെല്ലാം ഒരു ന്യായാധിപന്‍ എന്ന രീതിയില്‍ നടത്തേണ്ടത് തന്നെയാണ്-കമാല്‍ പാഷ പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണിയില്‍ പ്രഥമ സ്ഥാനത്തുള്ള ജസ്റ്റിസ് കമാല്‍ പാഷയുടെ ഭീഷണിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. . ഐഎസ് ഭീഷണിയെ തുടര്‍ന്ന് പ്രത്യേക ട്രെയിനിംഗ് നല്‍കി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമാന്‍ഡോകളെയാണ് പിന്‍വലിക്കുന്നത്. ജസ്റ്റിസ് കമാല്‍ പാഷയ്ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെയാണ് കമാന്‍ഡോകളെ പിന്‍വലിക്കുന്നത്.

നിലവില്‍ സുരക്ഷ നോക്കുന്നവരോടു മാതൃയൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും മറികടന്നാണ് തീവ്രവാദ ഭീഷണി ജസ്റ്റിസ് കമാല്‍ പാഷയുടെ സുരക്ഷ പിന്‍വലിക്കാന്‍ നീക്കം നടന്നിരിക്കുന്നത്. ഭീഷണി നേരിടുന്ന ജസ്റ്റിസ് കമാല്‍ പാഷയുടെ സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പിലെ ഉന്നതരെ തന്നെ ഞെട്ടിച്ചിട്ടുണ്ട്.

തീവ്രവാദ ഭീഷണിയുടെ നിഴലില്‍ തുടരുന്നതിനാല്‍ കമാല്‍ പാഷയുടെ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാരിനു അധികാരമില്ല. വിഐപി സുരക്ഷാ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഹൈക്കോടതി ജസ്റ്റിസ് ആയിരിക്കെ സ്വതന്ത്ര വിധിന്യായങ്ങളാല്‍ നിരന്തര വിവാദം സൃഷ്ടിച്ചിരുന്ന കമാല്‍ പാഷ ആക്രമിക്കപ്പെട്ടാല്‍ ഉത്തരം പറയേണ്ടി വരുക സര്‍ക്കാര്‍ തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഭീകരഭീഷണി നേരിടുന്ന ജസ്റ്റിസാണ് കമാല്‍ പാഷ എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി നീതി ന്യായവൃത്തങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴും ഭീകരുടെ ഹിറ്റ്‌ ലിസ്റ്റില്‍ നിന്ന് ജസ്റ്റിസ് കമാല്‍ പാഷ ഒഴിവായിട്ടില്ല. സാധാരണ ഗതിയില്‍ സുരക്ഷാ ഭീഷണി ഇല്ലെന്നുള്ള അവലോകനത്തിന്റെ വെളിച്ചത്തിലാണ് സുരക്ഷ പിന്‍വലിക്കപ്പെടാറുള്ളത്. ഇവിടെ കമാല്‍ പാഷയ്ക്ക് നേരെയുള്ള ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് ജസ്റ്റിസിന്റെ സുരക്ഷ മുന്നറിയിപ്പ് ഇല്ലാതെ പിന്‍വലിക്കപ്പെട്ടിരിക്കുന്നത്.