പിന്‍ബി തട്ടിപ്പ്: വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര കാറുകള്‍ ലേലത്തിന്

ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര കാറുകള്‍ ലേലത്തിന്. ഓണ്‍ലൈന്‍ വഴിയാണ് ലേലം നടത്തുക.

നീരവ് മോദിയുടെ വസതിയിലടക്കം മൂന്നിടങ്ങളിലായി പാര്‍ക്ക് ചെയ്തിരുന്ന പതിമൂന്നോളം കാറുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.അഞ്ച് കോടിയോളം വിലവരുന്ന റോള്‍ഡ് റോയ്‌സ് അടക്കം ലേലത്തിന് വെച്ചിട്ടുണ്ടെന്നാണ് വിവരം. മെഴ്‌സിഡസ് ബെന്‍സ്, എസ്‌യുവി, പോര്‍ഷെ, ജാഗ്വാര്‍ തുടങ്ങിയ കാറുകളും ലേലത്തിനുണ്ട്. മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പറേഷനാണ് ഓണ്‍ലൈന്‍ ലേലം സംഘടിപ്പിക്കുന്നത്.

നേരത്ത നേീരവ് മോദിയുടെ കൈവശം ഉണ്ടായിരുന്ന അറുപത്തിയെട്ടോളം ചിത്രങ്ങളും ശില്പങ്ങളും ലേലത്തില്‍ വിറ്റഴിച്ചിരുന്നു. രാജാ രവിവര്‍മ്മയുടെയും വി എസ് ഗെയ്‌ത്തോഡിന്റെയും അത്യപൂര്‍വമായ പെയിന്റിംഗുകള്‍ നീരവ് മോദിയുടെ ശേഖരത്തിലുണ്ടായിരുന്നു.