പിണറായി ചെയ്‌ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്‌ രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് വേണ്ടി ചെയ്‌ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്‌ രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. അദ്ദേഹം പരമാവധി ചെയ്‌തു. സര്‍ക്കാര്‍ എന്ത് ചെയ്‌തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാന്തര കേരളമെന്ന വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലാണ് എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട് പി.സി.ജോര്‍ജ് മുഖ്യമന്ത്രിയെ പുകഴ്‌ത്തി സംസാരിച്ചത്.

പ്രളയാനന്തര കേരളത്തിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് രാഷ്ട്രീയം മാറ്റിവച്ച്‌ എല്ലാവരും ചിന്തിക്കേണ്ടതെന്ന് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്‌ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാര്‍. ഏഴ് പേരാണ് ഇവിടെ മരിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്‌ടര്‍ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണ്. പ്രളയ ദുരിതാശ്വത്തില്‍ മുഖ്യമന്ത്രി ചെയ്‌ത കാര്യങ്ങള്‍ വിസ്‌മരിക്കാന്‍ ആവില്ല. ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കേരളത്തിലെ ജനങ്ങള്‍ക്ക് താങ്കളുടെ ജീവന്‍ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താന്‍ പോലു മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച്‌ രാഷ്ട്രീയം പറയാന്‍ കഴിയില്ല. ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാന്‍ അവിടുത്തെ എം.എല്‍.എ കരഞ്ഞതും കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.