പിഎന്‍ബി തട്ടിപ്പ്: ഇറക്കുമതി ആവശ്യങ്ങള്‍ക്കു വേണ്ടി എല്‍ഒയു നല്‍കുന്ന രീതി ആര്‍ബിഐ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുകള്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (ഹ്രസ്വകാല ജാമ്യച്ചീട്ട്) നല്‍കുന്ന രീതി ആര്‍ ബി ഐ നിര്‍ത്തലാക്കി. എല്‍ഒയു ഉപയോഗിച്ചാണ് നീരവ് മോദി ഉള്‍പ്പെടെയുള്ളവര്‍ കോടികളുടെ വായ്പാതട്ടിപ്പു നടത്തിയത്. അതേസമയം നിലവിലെ വ്യവസ്ഥകളനുസരിച്ച് ലെറ്റര്‍ ഓഫ് ക്രെഡിറ്റ് സംവിധാനം തുടരാന്‍ ആര്‍ബിഐ അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് വേണ്ടിയുള്ള വ്യാപാര വായ്പകള്‍ക് എല്‍ഒയുവും എല്‍ഒസിയും നല്‍കുന്ന രീതി തുടരേണ്ട എന്നാണു ആര്‍ബിഐ നിര്‍ദേശം. റിസര്‍ബ് ബാങ്കിനു കീഴിലുള്ള എഡി (ഓഥറൈസ്ഡ് ഡീലര്‍) കാറ്റഗറി-I ബാങ്കുകള്‍ക്കാണു നിര്‍ദേശം നല്‍കിയത്. എല്‍ഒയു/എല്‍ഒസി സംബന്ധിച്ചു നിലവിലുള്ള നയങ്ങള്‍ പുനഃപരിശോധിച്ചാണു തീരുമാനം.

തങ്ങളുടെ ഇറക്കുമതിക്കായി ബാങ്കുകളില്‍ നിന്ന് എല്‍ഒയു ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ വ്യാപാരികള്‍ക്കു തിരിച്ചടിയാകുന്നതാണു തീരുമാനം. പിഎന്‍ബി തട്ടിപ്പിനു പിന്നാലെ ചില ബാങ്കുകള്‍ എല്‍ഒയു നല്‍കുന്നത് നിര്‍ത്തലാക്കിയിരുന്നു.