പിഎന്‍ബിക്ക് പിന്നാലെ 390 കോടി തട്ടിയെന്ന് ഓറിയന്റല്‍ ബാങ്കിന്റെ പരാതി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വജ്ര വ്യവസായി നീരവ് മോദി 11400 കോടി തട്ടിപ്പ് നടത്തിയതിന് പിന്നാലെ മറ്റൊരു ബാങ്ക് കൂടി തട്ടിപ്പിന് ഇരയായതായി ചൂണ്ടിക്കാട്ടി പരാതി നല്‍കി.

ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാരി കമ്പനിയായ ദ്വാരക സേത്ത് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് 390 കോടി രൂപ വായ്പ എടുത്ത ശേഷം അടയ്ക്കാതെ മുങ്ങിയെന്നാണ് സി.ബി.ഐയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഓറിയന്റല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ മിശ്ര നല്‍കിയ പരാതിയിലാണ് ജ്വല്ലറിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്. ആറുമാസം മുമ്പാണ് ബാങ്ക് ജ്വല്ലറിക്കെതിരെ പരാതി നല്‍കിയത്.

ആഭരണ നിര്‍മ്മാണവും സ്വര്‍ണ്ണം, വജ്രം, വെള്ളി എന്നിവ കയറ്റുമതി നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍.

ജ്വല്ലറി ഡയറക്ടര്‍മാരായ സഭ്യാ സേത്, റീതാ സേത്, കൃഷ്ണ കുമാര്‍ സിങ്, രവി സിങ് എന്നിവര്‍ക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്.