പാവം കടുക്ക! വെറുതെ തെറ്റിദ്ധരിച്ചു

ഡോ. സുരേഷ്. സി. പിള്ള

കടുക്കയെക്കുറിച്ചു ആദ്യമായി കേൾക്കുന്നത് എട്ടാം ക്ലാസ്സിൽ, കറുകച്ചാൽ NSS ബോയ്സ് സ്കൂളിൽ പഠിക്കുമ്പോൾ.

അന്ന് എട്ടാം ക്ലാസ്സിൽ നിന്ന് അഞ്ചു കൂട്ടുകാർ NCC ക്യാമ്പിനു പോയിരുന്നു. തിരികെ വന്നപ്പോൾ അവർ പറഞ്ഞാണ് കടുക്കയെ ക്കുറിച്ചും, കടുക്കാ വെള്ളത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും അറിയുന്നത്.

ഞാൻ ചോദിച്ചു “എന്തിനാടാ കടുക്കാ വെള്ളം തന്നത്?”

“എടാ, പൊട്ടാ അത് ‘ലൈംഗിക ആസക്തി’ ഒന്നും തോന്നാതിരിക്കാനാണ്”. സുഹൃത്ത് പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു.

അന്ന് ഫുൾ കാര്യങ്ങൾ പിടികിട്ടിയില്ല എങ്കിലും പത്താം ക്ലാസ്സിൽ എത്തിയപ്പോളേക്കും കാര്യങ്ങൾ ഏകദേശം പിടികിട്ടി. അന്ന് മുതലേ മനസ്സിലുള്ള സംശയമാണ് ഇത് ശരിക്കും ലൈംഗിക ആസക്തി കുറയ്ക്കുമോ എന്ന്!

കാര്യങ്ങൾ നമുക്ക് വിശദമായി നോക്കാം. ആദ്യമായി കടുക്ക എന്താണ് എന്ന് നോക്കാം.

Related image

എന്താണ് കടുക്ക?
ഇതിന്റെ ശാസ്ത്രീയ നാമം ടെർമിനാലിയ ചെബ്യുള (Terminalia chebula) എന്നാണ്. ഇത് ഏകദേശം നൂറ് അടി ഉയരത്തിൽ വളരുന്ന മരമാണ്. കടുക്ക അകത്തു പരിപ്പോടുകൂടിയ മാംസളമായ പഴം (ഇംഗ്ലീഷിൽ ഇങ്ങനെയുള്ള ഫലങ്ങളെ drupe എന്ന് പറയും). ഇന്ത്യ, ശ്രീലങ്ക ഉൾപ്പെടെയുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ആണ് ഇവ സാധാരണയായി വളരുന്നത്. കടുക്ക ആയുർവേദ ഔഷധമായ ‘ത്രിഫല’ യിൽ ഒരു ചേരുവയാണ് (റഫറൻസ് “Antioxidant properties of the ayurvedic formulation triphala and its constituents.” International Journal of Pharmacognosy 35.5 (1997): 313-317.).

അപ്പോൾ ഇതിലെ കെമിക്കൽ ഘടകങ്ങൾ എന്തൊക്കെ?

ധാരാളം ഗ്ലൈക്കോസൈഡുകൾ ടെർമിനാലിയ ചെബ്യുള (കടുക്ക) യിൽ നിന്നും വേർതിരിച്ച് എടുത്തിട്ടുണ്ട്. ഗ്ലൈക്കോസൈഡുകൾ എന്നാൽ കെമിസ്ട്രിയിൽ ഒരു ഷുഗർ തന്മാത്ര O-glycosidic ബോണ്ട് അല്ലെങ്കിൽ S-glycosidic ബോണ്ട് വഴി മറ്റൊരു ഓർഗാനിക് ഗ്രൂപ്പുമായി യോജിക്കുമ്പോൾ ഉണ്ടാകുന്ന ഒരുതരം കോംപ്ലക്സ് മോളിക്യൂൾ ആണ്. ട്രൈട്രപ്പീനികൾ (C₃₀H₄₈) ആയ chebuloside I and II arjunglucoside I, arjungenin ഉം കൂടാതെ GCMS (ഗ്യാസ് ക്രൊമാറ്റോ ഗ്രാഫി മാസ്സ് സ്പെക്ട്രോമെട്രി) ഉപയോഗിച്ച് കൊറിയയിലെ , Chonbuk National University, നടത്തിയ പഠനത്തിൽ താഴെ പറയുന്ന പതിനാറ് കോമ്പൗണ്ടുകളും വേര്തിരിച്ചെടുത്തു 5-allyl-1,3-benzodioxole (relative proportion, 5.63%), benzene (4.66%), -caryophyllene (1.39%), 4-cyclopropyl-2-methoxyphenol (2.05%), 6,7-dihydroxanthotoxin (1.12%), elemicin (13.90%), eugenol (4.59%), methyl isoeugenol (1.23%), myristcin (17.55%), -phellandrene (1.32%), -terpinene (4.88%), -terpinene (5.64%),terpinen-4-ol (10.56%), -terpineol (2.31%), terpinolene (1.31%), and -thujene (2.24%). Together, 5-allyl-1,3-benzodioxole, benzene, elemicin, eugenol, myristcin, -terpinene,
-terpinene, and terpinen-4-ol [റഫറൻസ് Kim, H. G., et al. “Growth-inhibiting activity of active component isolated from Terminalia chebula fruits against intestinal bacteria.” Journal of food protection 69.9 (2006): 2205-2209. “Triterpenoids and their glycosides from Terminalia chebula.” Phytochemistry 32.4 (1993): 999-1002; “Studies on the aqueous extract of Terminalia chebula as a potent antioxidant and a probable radioprotector.” Phytomedicine 11.6 (2004): 530-538.]. ഇത് കൂടാതെ വേറെയും നിരവധി കെമിക്കൽ കോമ്പൗണ്ടുകൾ കടുക്കയിൽ നിന്നും വേർതിരിച്ചെടുത്തിട്ടുണ്ട്.

Related image

എന്തോരം കെമിക്കലുകൾ ആണ്, ഇത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ?

കടുക്കയിൽ നിന്നും, മരത്തിന്റെ തൊലിയിൽ നിന്നുമുള്ള സത്ത് പലതരത്തിലുള്ള ആന്റി-ബാക്റ്റീരിയൽ, ആന്റി ഫഗൽ സ്വഭാവങ്ങള് കാണിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ casuarinin, chebulanin, chebulinic acid or 1,6-di-O-galloyl-bD-glucose എന്നീ കെമിക്കലുകൾക്ക് ആന്റി-ഓക്സിഡന്റ് പ്രോപ്പർട്ടിയും ഉണ്ട് എന്ന് തായ്വാനിലെ Kaohsiung Medical University ൽ നടന്ന പഠനത്തിൽ കണ്ടെത്തി [റഫറൻസ് “Antioxidant and free radical scavenging activities of Terminalia chebula.” Biological and Pharmaceutical Bulletin 26.9 (2003): 1331-1335; “Antibacterial activity of black myrobalan (Terminalia chebula Retz) against Helicobacter pylori.” International Journal of Antimicrobial Agents 18.1 (2001): 85-88.].

ചുരുക്കി പറയൂ, അപ്പോൾ പഠനങ്ങൾ ഒക്കെ മുൻപേ പറഞ്ഞ കാര്യത്തിൽ എന്താണ് പറയുന്നത്?

കടുക്ക (Terminalia chebula) ലൈംഗിക ആസക്തി കുറയ്ക്കും എന്ന് ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല. വായിച്ചതിൽ നിന്ന് ഒന്ന് ഉറപ്പിച്ചു പറയാം കടുക്കയിൽ ലൈംഗിക ആസക്തി കുറയ്ക്കുന്ന ഒന്നും തന്നെ ഇല്ല.

[എന്നാൽ ബാംഗ്ലൂരിൽ ഉള്ള a Department of Pharmacology, Al-Ameen College of Pharmacy ൽ നടത്തിയ പ്രാഥമിക പഠനത്തിൽ erectile dysfunction (ലൈംഗിക ശേഷിക്കുറവിന്) കടുക്കയിൽ ഉള്ള Chebulagic acid ഉം chebulinic acid എന്നീ കെമിക്കലുകൾ ഫലപ്രദമായി കണ്ടു. [റഫറൻസ് “Screening for Rho-kinase 2 inhibitory potential of Indian medicinal plants used in management of erectile dysfunction.” Journal of ethnopharmacology 144.3 (2012): 483-489]. വിശദമായ പഠനങ്ങൾ നടത്തിയാലേ കൂടുതൽ സ്പഷ്ടമായി കാര്യങ്ങൾ പറയാൻ പറ്റൂ. ഇതൊരു പൂർണ്ണമായ പഠനം അല്ല എന്ന് കണക്കാക്കിയാലും, നമ്മൾ കരുതിയത് പോലെ കടുക്ക “ലൈംഗിക ശേഷി കുറയ്ക്കുക അല്ല, കൂട്ടുകയാണ്” എന്നാണ് മുകളിലത്തെ ചങ്ങാതിമാരുടെ പഠനത്തിൽ പറയുന്നത്].

ഇത് വായിച്ചിട്ട് ക്യാമ്പുകളിലും, സെമിനാരികളിലും (മംഗളം വാർത്ത 8th Aug, 2018) കടുക്ക വെള്ളം കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു എന്ന് വായിച്ചപ്പോൾ വായിൽ വന്നത് “എന്റെ മാതാവേ…..” എന്നാണ്!