പാഡ്മാന് പാകിസ്ഥാനില്‍ വിലക്ക്


അക്ഷയ് കുമാര്‍ നായകനായ പാഡ്മാന് പാകിസ്ഥാനില്‍ വിലക്ക്. ആര്‍ത്തവം പോലുള്ള കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നു എന്ന കാരണം പറഞ്ഞാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സ്ത്രീകള്‍ക്ക് വിലകുറഞ്ഞ സാനിറ്ററി നാപ്കിന്നുകള്‍ നിര്‍മിച്ചു നല്‍കിയ വിപ്ലവം സൃഷ്ടിച്ച അരുണാചലം മുരുകാനന്ദത്തിന്റെ കഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍.

പാകിസ്ഥാന്‍ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന സിനിമകള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം ഇഷഖ് അഹമ്മദ് പറഞ്ഞു.

നിഷിദ്ധമായ വിഷയമാണെന്ന് ആരോപിച്ച് പഞ്ചാബ് ഫിലിം സെന്‍സര്‍ ബോര്‍ഡ് ചിത്രം കാണാന്‍ പോലും കൂട്ടാക്കാതെയാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.