പാക് സൈന്യത്തിന്റെ പാട്ട് കോപ്പിയടിച്ച്‌ ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിച്ച്‌ ബിജെപി എംഎല്‍എ

ഹൈദരാബാദ്:പാക് സൈന്യത്തിന്റെ പാട്ട് കോപ്പിയടിച്ച്‌ ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിച്ച്‌ ബിജെപി എംഎല്‍എയുടെ നടപടി വിവാദത്തിലേക്ക്. തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎ‍ല്‍എ രാജാസിങ് പാക് സൈന്യം പുറത്തിറക്കിയ പാട്ട് കോപ്പിയടിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിച്ച്‌ കൊണ്ട് രാജാസിങ് പാടിയ പാട്ടാണ് വിവാദത്തിലായത്.

ഇന്റര്‍സര്‍വീസ് പബ്ലിക് റിലേഷന്‍സ് പാക്കിസ്ഥാന്‍ (പാക് സൈന്യത്തിന്റെ മാധ്യമവിഭാഗം) പുറത്തിറക്കിയ പാട്ട് കോപ്പിയടിച്ചെന്നാണ് വിമര്‍ശനം. തങ്ങളുടെ പാട്ട് കോപ്പിയടിച്ചതില്‍ സന്തോഷമുണ്ടെന്നും പക്ഷെ സത്യം പറയാന്‍ കൂടി തയ്യാറാവണമെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാജാസിങ് പാടുന്ന പാട്ടിലെ വരികളും ഈണവും പാക് സൈന്യത്തിന്റെ പാട്ടിന് സമാനമാണ്. വരികളില്‍ ചിലതിന് മാറ്റം വരുത്തിയിട്ടുണ്ട്. ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്നുള്ളത് ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’ എന്നാക്കിയിട്ടുണ്ട്.രാജാസിങ്ങിന്റെ പാട്ടിനെതിരെ ഇന്ത്യയിലും നിന്നും പാക്കിസ്ഥാനില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. ബിജെപി എംഎ‍ല്‍എയുടേത് കോപ്പിയടിയല്ല മോഷമാണെന്ന് മുതിര്‍ന്ന പാക് മാധ്യമപ്രവര്‍ത്തകനായ ഹാമിദ് മിര്‍ ട്വീറ്റ് ചെയ്തു.