പാക് വ്യോമപരിധിക്കു മുകളിലൂടെ മോദി പറക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാനിലേക്കുള്ള യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വിമാനം പാക്കിസ്ഥാന്‍ വ്യോമപരിധിക്കു മുകളിലൂടെ പറക്കില്ലെന്നു വിദേശകാര്യ മന്ത്രാലയം.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന എസ്‌സിഒ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് പോകുന്നത്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബാലാക്കോട്ടിലെ ഭീകരക്യാംപുകള്‍ക്ക് നേരെ ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ 11 വ്യോമപാതകളില്‍‌ 9 എണ്ണവും താല്‍ക്കാലികമായി അടച്ചിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവഴി പറക്കാന്‍ പാക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കി. വിദേശകാര്യ മന്ത്രാലത്തിന്റെ അവശ്യപ്രകാരമായിരുന്നു പാക്കിസ്ഥാന്റെ നടപടി. എന്നാല്‍ ഇതുവഴി പറക്കാനുള്ള തീരുമാനം മന്ത്രാലയം പിന്നീട് മാറ്റുകയായിരുന്നു.

യാത്രസമയം കുറയ്ക്കുന്നതിനു വേണ്ടിയാണ് പാക്ക് വ്യോമപാത വിദേശകാര്യ മന്ത്രാലയം തിരഞ്ഞെടുത്തത്. എന്നാല്‍ പ്രധാനമന്ത്രി യാത്ര ചെയ്യുന്ന വ്യോമസേനയുടെ വിവിഐപി വിമാനം ഒമാന്‍, ഇറാന്‍, പിന്നീട് മധ്യപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലുടെ സഞ്ചരിച്ച്‌ കിര്‍ഗിസ്ഥാനില്‍ എത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നു കഴിഞ്ഞ മൂന്നു മാസമായി ഇതുവഴിയുള്ള നിരവധി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വന്‍ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യക്ക് മാത്രം ദിവസം അഞ്ചു മുതല്‍ ഏഴു കോടി വരെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.