പാക്കിസ്ഥാനില്‍ ഹാങ്ഗു നഗരത്തില്‍ ബോംബ് സ്‌ഫോടനം ; 25 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക് പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഹാങ്ഗു നഗരത്തില്‍ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്‍ മസരി ട്വീറ്റ് ചെയ്തു. ഹാങ്ഗുവിലെ ഷിയാ ആരാധനാലയത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്.

പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗം കൂടിയായ ഷിയ മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഫ്ഗാനിസ്താനില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ അമേരിക്കയ്ക്ക് കഴിയാത്തതിനാലാണ് പാകിസ്താനില്‍ ആക്രമണമുണ്ടായതെന്ന് മസരി ആരോപിച്ചു.

നേരത്തെ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.