പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ നെഹ്‌റു ആര്‍എസ്എസിന്റെ സഹായം തേടി: ഉമാഭാരതി

ഭോപ്പാല്‍: മോഹന്‍ ഭാഗവതിന്‌റെ വിവാദ പ്രസ്താവനയുടെ കെട്ടടങ്ങുന്നതിനു പിന്നാലെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഉമ ഭാരതി രംഗത്ത്. സ്വാതന്ത്ര്യത്തിനു ശേഷം പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസിന്‌റെ സഹായം തേടി എന്ന അവകാശവാദവുമായിയാണ് ഉമാ ഭാരതി രംഗത്ത് വന്നിരിക്കുന്നത്. നെഹ്‌റുവിന്‌റെ അഭ്യര്‍ത്ഥന മാനിച്ച് ആര്‍എസ്എസ്‌ പ്രവര്‍ത്തകര്‍ സഹായത്തിനെത്തിയെന്നും ഉമാ ഭാരതി പറയുന്നു. കഴിഞ്ഞ ദിവസം മോഹന്‍ ഭാഗവതിന്‌റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയെന്നോണമായിരുന്നു ഉമാ ഭാരതിയുടെ പ്രസ്താവന.

സ്വാതന്ത്ര്യത്തെ തുടര്‍ന്ന് കശ്മീര്‍ ഭരിച്ചിരുന്ന മഹരാജ ഹരി സിങ് കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കാനുള്ള കരാര്‍ ഒപ്പിടാന്‍ മടിച്ചു. ഒപ്പിടണമെന്ന് ഷെയ്ഖ് അബ്ദുല്ല നിര്‍ബന്ധിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ നെഹ്‌റു ധര്‍മസങ്കടത്തിലായി. ഉടന്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുകയായിരുന്നു. അവരുടെ സൈനികര്‍ ഉധംപൂര്‍ വരെയെത്തുകയും ചെയ്തു. പക്ഷേ അതിവേഗം ആ നീക്കത്തെ അടിച്ചമര്‍ത്താനുള്ള ഹൈടെക്ക് ഉപകരണങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്‌റെ പക്കലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ നെഹ്‌റു ആര്‍എസ്എസിന്‌റെ സഹായം തേടി കത്തയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആര്‍എസ്എസ്‌ പ്രവര്‍ത്തകര്‍ കശ്മീരിലെത്തി സൈന്യത്തെ സഹായിക്കുകയായിരുന്നുവെന്നും ഉമാ ഭാരതി അവകാശപ്പെടുന്നു.

ഇന്ന് സൈന്യത്തിനു നേരെ കല്ലെറിയുന്നതും എഫ്‌ഐആര്‍ ചാര്‍ത്തപ്പെടുന്നതും സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നുവെന്ന് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ ആരോപിക്കുന്നതുമെല്ലാം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്‌റെ ഭാഗമാണ്. എന്നാല്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ത്യാഗം ചെയ്യാന്‍ ഒരുക്കമാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറയുമ്പോള്‍ അത് സൈന്യത്തോടുള്ള അപമാനമാണെന്നും ഉമാ ഭാരതി പറഞ്ഞു.

ഇതാദ്യമായല്ല സംഘപരിവാര്‍ നെഹ്‌റുവിനെതിരെ രംഗത്ത് വരുന്നത്. സുഭാഷ് ചന്ദ്രബോസിന്‌റെ മരണം മുതല്‍ പല കാര്യങ്ങളില്‍ നെഹ്‌റുവിനെ വലിച്ചിടാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. എന്നും ആര്‍എസ്എസിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചയാളായിരുന്നു നെഹ്‌റു. ആര്‍എസ്എസുകാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം എടുക്കാമെന്ന് സര്‍ദാര്‍ പട്ടേലിന്‌റെ തീരുമാനത്തെ പോലും എതിര്‍ത്തത് നെഹ്‌റുവായിരുന്നു.