പാകിസ്ഥാനില്‍ മാത്രമേ കര്‍ണാടകയിലേത് പോലുള്ള സംഭവങ്ങള്‍ നടക്കുകയുള്ളൂ: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ നടന്നതു പോലുള്ള സംഭവങ്ങള്‍ പാകിസ്ഥാനില്‍ മാത്രമേ നടക്കൂ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറിക്കൊണ്ട് ഇന്ത്യയുടെ ശബ്ദം അമര്‍ച്ചചെയ്യുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഒരുഭാഗത്ത് എംഎല്‍എമാരും മറുഭാഗത്ത് ഗവര്‍ണറും എന്നതാണ് കര്‍ണാടകത്തിലെ ഇപ്പോഴത്തെ സ്ഥിതി. രാജ്യത്ത് ഭരണഘടന കടുത്ത അപകടസ്ഥിതി നേരിടുകയാണ്. എല്ലാവിധ സ്ഥാപനങ്ങളിലും ആര്‍എസ്എസ് അവരുടെ ആള്‍ക്കാരെക്കൊണ്ട് നിറയ്ക്കുകയാണ്. അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കാന്‍ ഇത് ഇടവരുത്തുമെന്നും രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു രാഹുലിന്റെ വിമര്‍ശനം.

സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബിജെപിയുടെ യുക്തിരഹിതമായ നിര്‍ബന്ധബുദ്ധി ഭരണഘടനയ്ക്കു നേര്‍ക്കുള്ള കൊഞ്ഞനംകുത്തലാണ്. ബിജെപി അവരുടെ പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍, ജനാധിപത്യത്തിന്റെ പരാജയമോര്‍ത്ത് ഇന്ത്യ വിലപിക്കുകയായിരിക്കുമെന്നും രാഹുല്‍ നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.