പാകിസ്ഥാനിലെ സൂഫി പള്ളിയില്‍ സ്‌ഫോടനം; 9 പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാകിസ്ഥാനിലെ സൂഫി പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്ബത് പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ലാഹോര്‍ പോലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡി.ഐ.ജി അഷ്ഫാഖ് അഹമ്മദ് ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ന്യൂസ് ഏജന്‍സി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലാഹോറിലെ ഡാറ്റ ദര്‍ബാര്‍ എന്ന സൂഫി പള്ളിയിലാണ് സ്‌ഫോടനമുണ്ടായതെന്നും പോലീസ് വാഹനത്തെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടന്നതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്.

പള്ളിയിലേക്ക് പ്രവേശിക്കാനുള്ള രണ്ടാം നമ്ബര്‍ ഗേറ്റിന് മുന്നിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ലാഹോര്‍ എസ്.പി സയ്യീദ് ഗസന്‍ഫര്‍ ഷാ പറഞ്ഞതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ലാഹോറിലെ മായോ ആശുപത്രിയില്‍ എത്തിച്ചു.

സംഭവസമയത്ത് ആരാധനാലയത്തിനകത്തും പുറത്തുമായി നൂറുകണക്കിന് തീര്‍ഥാടകര്‍ ഉണ്ടായിരുന്നതായി പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു. ദക്ഷിണേഷ്യയിലെ പ്രധാന സൂഫി ആരാധനാലയമാണ് ഇത്.