പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസ് 110 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു. ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതികളിലും വോട്ടെണ്ണിയ മുഴുവന്‍ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്.

ബിജെപിയും സിപിഎമ്മും തമ്മില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കായാണ് മത്സരം നടക്കുന്നത്. നിലവില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്തുള്ളത്. നാല് സീറ്റുകളില്‍ വിജയിക്കുകയും 81 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയുമാണ് ബിജെപി. എന്നാല്‍ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച സിപിഎം 58 സീറ്റുകളില്‍ മാത്രമേ ലീഡ് ചെയ്യുന്നുള്ളൂ.

വോട്ടെടുപ്പ് ദിവസം വ്യാപക ആക്രമണം അരങ്ങേറിയതിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് അഞ്ഞൂറിലധികം സീറ്റുകളില്‍ റീ പോളിങും നടന്നിരുന്നു. 3215 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും 330 പഞ്ചായത്ത് സമിതികളിലേക്കും 825 ജില്ലാ പരിഷത്തിലേക്കുമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്.