പശു രാഷ്ട്രീയവുമായി യോഗി ആദിത്യനാഥ് വീണ്ടും

 

 

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പശു രാഷ്ട്രീയത്തില്‍ നിന്ന് മോചനമില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യോഗി പശു രാഷ്ട്രീയവുമായി വീണ്ടും രംഗത്തുവരുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക് നല്ലയിനം രണ്ട് പശുക്കളെ വാഗ്ദാനം ചെയ്തതില്‍ തുടങ്ങുന്നു ഈ പശു രാഷ്ട്രീയം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മനുഷ്യര്‍ പൊതുസ്ഥലങ്ങളില്‍ പോലും കൊല്ലപ്പെട്ടത് പശുക്കടത്ത് ആരോപിച്ചാണ്. അത്രത്തോളമാണ് പശുവിന് ഉത്തരേന്ത്യയിലുള്ള സ്വാധീനം. ആ സ്വാധീനം മുതലാക്കുക എന്നത് തന്നെയാണ് ആദിത്യനാഥിന്‌റെ ലക്ഷ്യം. ഉത്തര്‍ പ്രദേശില്‍ 74 സീറ്റ് നിലനിര്‍ത്തുക എന്നതിനപ്പുറം പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ കൂടിയാണ് യോഗി ലക്ഷ്യമിടുന്നത്. പാവങ്ങള്‍ക്ക് നല്‍കാനുള്ള പശുക്കള്‍ എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ആദിത്യനാഥ് പറഞ്ഞു.

ബംഗാളിലേക്കുള്ള പശുക്കടത്ത് തനിക്ക് തടയാന്‍ കഴിഞ്ഞുവെന്ന് യോഗി അവകാശപ്പെടുന്നുണ്ട്. ജാതി, മതം എന്നിവ കഴിഞ്ഞാല്‍ മറ്റൊരു വോട്ടു ബാങ്കായി ഉത്തരേന്ത്യയില്‍ പശു മാറുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് യോഗിയുടെ നീക്കം. പശുവിന്‌റെ ചാണകത്തില്‍ നിന്നും പാചകവാതകം ഉത്പാദിപ്പിക്കാനും ഗോമൂത്രത്തില്‍ നിന്ന് മറ്റ് ഉത്പന്നങ്ങള്‍ കണ്ടെത്താനുമുള്ള ഗവേഷണങ്ങള്‍ സര്‍വകലാശാലകളില്‍ ആരംഭിക്കാന്‍ യോഗി ലക്ഷ്യമിടുന്നുണ്ട്. ഇതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. ഗോ ഗ്രാം പദ്ധതിക്ക് കീഴില്‍ എല്ലാ ഗ്രാമങ്ങളിലും ഗോശാലകള്‍ ആരംഭിക്കുമെന്നും ചാണകം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും യോഗി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

അടുത്തകാലത്തായി യോഗി നടത്തിയ എല്ലാ പ്രസംഗങ്ങളിലും പാലുല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെ ഗ്രാമങ്ങളിലെ സമ്പദ്ഘടന വളര്‍ത്താമെന്നും ഗോമൂത്രം, ചാണകം എന്നിവയില്‍ നിന്നും മരുന്നുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നും ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഉത്തര്‍ പ്രദേശിലെ മുഴുവന്‍ സീറ്റുകളും പിടിക്കുക എന്നതിനപ്പുറം ബിജെപിക്ക് ഭരണമില്ലാത്ത, പ്രത്യേകിച്ച് ബിജെപിക്ക് മൂന്നു സീറ്റുകള്‍ മാത്രമുള്ള പശ്ചിമബംഗാള്‍ കൈപിടിയിലൊതുക്കുക എന്നതാണ് യോഗി ആദിത്യനാഥിന്റെ ലക്ഷ്യം.