പഴയകാല ഹിന്ദു നിയമഗ്രന്ഥമായ നാരദസ്മൃതിയിൽ നിന്നും ഒരേട്

സതീശൻ കൊല്ലം

ഒരു ഹിന്ദു ഭരണസംവിധാനത്തിലെ അടിസ്ഥാന നിയമസംഹിതകളാണ് സ്മൃതികൾ. ഈ നിയമഗ്രന്ഥങ്ങളാണ് ഒരു ഹിന്ദു സമൂഹത്തിന്റെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,വ്യക്തിജീവിതം,കുടുംബജീവിതം, സമൂഹജീവിതം,വർണ്ണങ്ങൾ ജാതികൾ എന്നിവയുടെ അവകാശങ്ങളും ,ആനുകൂല്യങ്ങളും ,കടമകളും ഒക്കെ വിശദമാക്കുന്ന ഗ്രന്ഥങ്ങൾ.

വേദങ്ങളിലും സ്മൃതികളിലും പാണ്ഡിത്യമുള്ള ബ്രാഹ്മണരാണ് ഹിന്ദു രാജാക്കന്മാർക്ക് നിയമോപദേശങ്ങളും നിയമവ്യാഖ്യാനങ്ങളും പകർന്നു നല്കുന്നത്. ഈ നിയമങ്ങൾ ഭേദഗതികൾ വരുത്താൻ രാജാവിനുപോലും അവകാശമില്ല. സ്മൃതി തെറ്റിച്ചാൽ രാജാവ് പോലും പരിഹാരം ചെയ്യണം. സ്മൃതികളിൽ സംശയമുണ്ടായാൽ സംശയനിവാരണത്തിനായി വൈദികബ്രാഹ്മണർ ഉപയോഗിക്കുന്നത് ശ്രുതികളെയാണ്(വേദങ്ങൾ).പശുക്കളെയും ബ്രാഹ്മണരേയും സംരക്ഷിച്ചു ശ്രുതി,സ്മൃതികളെ അടിസ്ഥാനമാക്കിവേണം ഹിന്ദുരാജാക്കന്മാർ ഭരണം നടത്താൻ,അങ്ങിനെ ചെയ്യാത്തവർക്ക് ഇഹത്തിൽ ദുഷ്കീർത്തിയും പരത്തിൽ നരകവുമാണത്രേ.

 

നൂറിലേറെ സ്മൃതികളുണ്ടെന്നാണ് പറയപ്പെടുന്നത് അവയിൽ ഏറ്റവും പ്രശസ്തം മനുസ്മൃതിയാണ്.ശ്രീ.പരാശരസ്മൃതി,വിഷ്ണുസ്മൃതി,ഗൗതമസ്മൃതി,യാജ്ഞവല്ക്കേയസ്മൃതി,നാരദസ്മൃതി…അങ്ങനെ പോകുന്നു സ്മൃതിനാമങ്ങൾ.മിക്ക സ്മൃതികളും ആചാരപരമായ കാര്യങ്ങൾ കൂടുതലും നിയമപരമായകാര്യങ്ങൾ കുറച്ചുമാണ് പറയുന്നത്. എന്നാൽ നാരദസ്മൃതിൽ നിയമപരമായ കാര്യങ്ങൾ വളരെ വിശദമായി പറയുന്നു. ഈ പുസ്തകത്തിലെ നിയമങ്ങൾ കേരളത്തിൽ പാലിച്ചിരുന്നതായാണ് കേരളം സന്ദർശിച്ച യാത്രികരുടെ കുറിപ്പുകളിൽ നിന്നും മനസ്സിലാക്കുന്നത്.ഈ പുസ്തകത്തിലെ തൊഴിൽ,ശമ്പളം എന്നിവയെക്കുറിച്ച് വിശദമാക്കുന്ന അദ്ധ്യായത്തിൽ നിന്നുള്ള നിയമങ്ങളാണ് താഴെ കൊടുക്കുന്നത്.

 

1) ഒരു തൊഴിലാളിക്ക് തൊഴിൽദാതാവ് ജോലിക്കനുസൃതമായ കൂലി കൊടുക്കണം. കരാർപ്രകാരം ജോലിയുടെ തുടക്കം, മദ്ധ്യം,അവസാനം എന്നീഘട്ടങ്ങളിലായി പ്രതിഫലം കൊടുത്തുതീർക്കണം.

 

2)ശമ്പളകരാർ ഇല്ലെങ്കിൽ കൃഷിപ്പണിയാണെങ്കിൽ വിളയുടെ പത്തിലൊന്ന്, ഇടയനാണെങ്കിൽ ലഭിക്കുന്ന പാലിന്റെ പത്തിലൊന്ന്,കച്ചവടക്കാരനാണെങ്കിൽ ആ സാധനം വിറ്റുകിട്ടുന്ന ലാഭത്തിന്റെ പത്തിലൊന്ന്.. എന്ന കണക്കിന് പ്രതിഫലം തൊഴിലാളിക്കാ നല്കണം.

 

3)തൊഴിലുടമ നല്കുന്ന പണിസാധനങ്ങൾ വൃത്തിയായി തൊഴിലാളി സൂക്ഷിക്കണം.

 

4)കരാർ പ്രകാരമുള്ള ജോലി ചെയ്യാൻ വിസമ്മതിക്കുന്ന തൊഴിലാളിക്ക് ശമ്പളം മുൻകൂറായി നല്കണം.എന്നിട്ടും അയാൾ ജോലിക്ക് വൈമനസ്യം കാണിക്കുകയാണെങ്കിൽ പിഴചേർത്ത് അവന്റെ ശമ്പളത്തിന്റെ ഇരട്ടി തിരികെ വാങ്ങണം.

 

5)യാത്രാസംഘത്തോടൊപ്പമുള്ള തൊഴിലാളി ഇടയ്ക്ക് വെച്ച് ജോലിനിർത്തിപോയാൽ ശമ്പളത്തിന്റെ ആറിലൊന്ന് നല്കിയാൽ മതിയാകും.എന്നാൽ ചരക്ക് എത്തിക്കേണ്ട ചുമതലയുള്ള തൊഴിലാളി മുൻനിശ്ചയിച്ചയിടത്ത് അതെത്തിച്ചില്ലെങ്കിൽ അവന്റെ ശമ്പളം പിഴയായി നല്കണം.

 

6)വാഹനമോ,മൃഗമോ ചരക്കുനീക്കത്തിനായി വാടകയ്ക്കെടുത്ത കച്ചവടക്കാരൻ അത് കരാർ സമയത്ത് കൊണ്ടുപോയില്ലെങ്കിൽ വാടകത്തുകയുടെ നാലിലൊന്ന് വാഹന(മൃഗ) ഉടമയ്ക്കു നല്കണം.കച്ചവടക്കാരൻ വാഹനം(മൃഗം) വഴിയിലുപേക്ഷിച്ചുപോയാൽ മുഴുവൻ വാടകത്തുകയും വാഹനയുടമ വാങ്ങണം.

 

7)കരാറിലെത്തിട്ട് ചുമടെടുക്കാൻ വൈമനസ്യം കാണിക്കുന്ന ചുമട്ടുകാരൻ തന്റെ ശമ്പളത്തുക പിഴയായി നല്കണം.എന്നാൽ കുറച്ചുദൂരം സഞ്ചരിച്ചതിനുശേഷമാണ് തൊഴിലാളി പിൻവാങ്ങുന്നതെങ്കിൽ തന്റെ ശമ്പളത്തിന്റെ ഇരട്ടി പിഴയായി നല്കണം.

 

8)ഒരു ചുമട്ടുകാരൻ തന്റെ ചുമടിന് നാശനഷ്ടം വരുത്തുകയാനെങ്കിൽ ആ നഷ്ടപരിഹാരം നല്കണം. എന്നാൽ രാജാവ് മൂലമോ,എന്തെങ്കിലും അത്യാഹിതംമൂലമോ ആണ് ചുമടിന് നാശം വന്നതെങ്കിൽ തൊഴിലാളി നഷ്ടപരിഹാരം നല്കേണ്ടതില്ല.

 

9)നൂറു പശുക്കളെ നോക്കുന്ന ഇടയന് വർഷത്തിൽ മൂന്നുവയസ്സുള്ള പശുക്കുട്ടിയെ ബോണസായി നല്കണം.ഇരുന്നൂറ് പശുവിനെ നോക്കുന്ന ഇടയന്റെ ബോണസ് പാല് നല്കുന്ന പശുവാണ്.ഇടയന്റെ സംരക്ഷണയിലുള്ള പശുക്കളുടെ മുഴുവൻ പാലും ഓരോ എട്ടുദിവസം കൂടുംതോറും ഇടയനെടുക്കാം.

 

10)മേയാനായി കൊണ്ടുപോകുന്ന പശുക്കൾക്ക് ആവശ്യത്തിന് പുല്ലും വെള്ളവും ലഭ്യമാക്കി വൈകുന്നേരം ഉടമയെ ഇടയൻ തിരികെയേൽപ്പിക്കേണ്ടതാകുന്നു.

 

11)പശുവിന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അതിനെ രക്ഷിക്കാൻ ഇടയൻ പരമാവധി ശ്രമിക്കണം.തന്റെ ശ്രമം വിജയിച്ചില്ലെങ്കിൽ എത്രയും വേഗം ഉടമയെ കാര്യം ഗ്രഹിപ്പിക്കണം.

 

12)പശുവിന് എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയും അതിനെ രക്ഷിക്കാൻ ഇടയൻ ശ്രമിക്കാതിരിക്കുകയും ചെയ്താൽ ഇടയൻ രാജാവിന് പിഴയടയ്ക്കുകയും ഒപ്പം പശുവിന്റെ വില ഉടമയ്‌ക്കു നല്കുകയും വേണം.

 

13)ഇടയന്റെ അശ്രദ്ധമൂലം പശുവിനെ പാമ്പ് കടിക്കുക,പട്ടികൾ കൊല്ലുക,കുഴിയിൽ വീണു ചാവുക എന്നിവ സംഭവിച്ചാൽ ഇടയൻ ഉടമയ്ക്കു നഷ്ടപരിഹാരം നല്കണം.

 

14)ആടുകളെയോ ആട്ടിൻകുട്ടികളെയോ ചെന്നായ്ക്കൾ ഉപദ്രവിക്കുകയും ആ ചെന്നായ്ക്കളെ തുരത്താൻ ആട്ടിടൻ ഒന്നും ചെയ്യാതിരിക്കുകയും ചെയ്താൽ അപകടം പിണഞ്ഞ ഓരോ ആടിനും ഇടയൻ ഉടമയ്ക്കു നഷ്ടപരിഹാരം നല്കണം.

 

15)കൊള്ളക്കാർ പശുക്കളെ തട്ടിക്കൊണ്ടു പോയാൽ ഇടയൻ സമയവും സന്ദർഭവും നോക്കി ഉടമയെ അറിയിച്ചാൽ ഉടമയ്ക്കു നഷ്ടപരിഹാരത്തിനവകാശമില്ല.

 

16)അങ്ങനെ കൊല്ലപ്പെട്ട പശുക്കളുടെ വാലും കൊമ്പും ഇടയൻ ഹാജരാക്കിയാൽ അയാൾക്ക് ഇക്കാര്യത്തിൽ മറ്റുത്തരവാദിത്വങ്ങളില്ല.

 

17)ഒരു വേശ്യ പണം വാങ്ങിയിട്ട് ചുമതല നിർവ്വഹിച്ചില്ലെങ്കിൽ അവൾ വാങ്ങിയ പണത്തിന്റെ ഇരട്ടി തിരികെ നല്കണം.

 

18)വേശ്യയോടെ സഹായിയെ അപമാനിക്കുക,ഒന്നിൽ കൂടുതൽ പേർ വേഴ്ചയ്ക്കായി സമീപിക്കുക എന്നിവ ചെയ്താൽ വാഗ്ദാനം ചെയ്തതിന്റെ എട്ടിരട്ടി കസ്റ്റമർ നല്കണം .കൂടാതെ തത്തുല്യമായ പിഴ രാജാവിനൊടുക്കുകയും വേണം.

 

19)ഒരാൾ ഉടമയുടെ അനുവാദത്തോടെ അയാളുടെ ഭൂമിയിൽ വീടുവെച്ചു താമസിക്കുകയും കൃത്യമായി വാടക നല്കുകയും ചെയ്താൽ വാസം അവസാനിപ്പിക്കുമ്പോൾ ആ വീടു പൊളിച്ചുകൊണ്ടു പോകാൻ അയാൾക്ക് അവകാശമുണ്ട്.

 

20)എന്നാൽ മേല്പ്പറഞ്ഞതിന് വിപരീതമായാണ് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അയാൾക്ക് വീട് പൊളിച്ചുകൊണ്ടുപോകാൻ അവകാശമില്ല.

 

21)പണിസാധനങ്ങൾ വാടകയ്ക്കെടുത്താൽ അവ കേടുപാടുകളില്ലാതെ ഉടമയ്ക്കു തിരികെ നല്കണം.ഉപകരണങ്ങൾക്ക് സാധാരണയുണ്ടാവുന്ന തേയ്മാനമല്ലാതെയുള്ള കേടുപാടുകൾ സംഭവിച്ചാൽ ഉടമയ്ക്കു നഷ്ടപരിഹാരം നല്കണം.

 

വാൽക്കഷണം

~~~~~~~~

ഈ നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ശമ്പളവ്യവസ്ഥ സ്വതന്ത്രതൊഴിലാളികൾക്കുള്ളതാണ്.ആളടിയാർ എന്ന അടിമജാതികൾക്ക് സ്വതന്ത്ര തൊഴിലാളിയുടെ മൂന്നിലൊന്ന് ശമ്പളം മാത്രമേ കേരളത്തിൽ ലഭിക്കുമായിരുന്നുള്ളു എന്നാണ് പത്മനാഭമേനോൻ രേഖപ്പെടുത്തുന്നത്.അടിമകളുടെ പ്രത്യുൽപ്പാദനം പോലും അടിമത്തത്തിലേക്കായിരുന്നു.തിരുവിതാംകൂർ ഭരണകൂടത്തിന്റെ അടിമത്തനിരോധന പ്രഖ്യാപനത്തിൽ ആ വർഷം മുതൽ ജനിക്കുന്ന അടിമകളുടെ കുട്ടികളെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ചതായി പറയുന്നു.