‘പഴമ്പാട്ട്’ എന്ന ഗാനം ശ്രദ്ധേയമാകുന്നു


മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ സിതാര സംഗീതം നല്‍കി ആലപിച്ച ‘കഥ പറഞ്ഞ കഥ’ എന്ന സിനിമയിലെ ‘പഴമ്പാട്ട്’ ശ്രദ്ധേയമാകുന്നു. ഡോ. ലക്ഷ്മി ഗുപ്തനാണ് പാട്ടിന്റെ വരികള്‍ രചിച്ചിരിക്കുന്നത്.

‘പഴമ്പാട്ടിനീണം പേറി ഏതൊ ഓര്‍മകള്‍’ എന്നു തുടങ്ങുന്ന ഗാനം മനോഹരമായാണ് സിതാര ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതു. സിജു ജവഹര്‍ സംവിധാനം ചെയ്ത സിനിമ സിതാര ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രമാണ്. തൈക്കൂടം ബ്രിഡ്ജ് എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ഥ് മേനോനാണ് പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്.
സിദ്ധാര്‍ഥ് മേനോന്‍, ഷെഹിന്‍ സിദ്ധിഖ്, തരുഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിജു ജവഹര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കഥ പറഞ്ഞ കഥ’. രഞ്ജിപണിക്കര്‍, ദിലീഷ് പോത്തന്‍, ശ്രീകാന്ത് മുരളി,സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. പാബ്ളോ സിനിമയുടെ ബാനറില്‍ ബേസില്‍ എബ്രഹാം, മനോജ് കുര്യന്‍, ഡോക്ടര്‍ രാജേഷ് രാജു ജോര്‍ജ്, ഷിബു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍.