പഴമയുടെ പെരുമയുമായി വെള്ളപ്പുറത്ത്‌ തറവാട്‌

സായിനാഥ്‌ മേനോൻ

പാലക്കാട്‌ ജില്ലയിൽ കോങ്ങാട്‌ പഞ്ചായത്തിൽ മുച്ചീരി വെള്ളപ്പുറം എന്ന സ്ഥലത്താണ്‌ വള്ളുവനാട്ടിലെ പ്രസിദ്ധ നായർ തറവാടുകളിൽ ഒന്നായ വെള്ളപ്പുറത്ത്‌ തറവാട്‌ സ്ഥിതി ചെയ്യണത്‌.തറവാടിന്റെയും തറവാട്‌ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെയും പേർ വെള്ളപ്പുറം എന്നാണ്‌ . വള്ളുവനാട്ടിന്റെ ഒരു പുറമായത്‌ കൊണ്ടാകാം ഈ പ്രദേശത്തിനു വെള്ളപ്പുറം എന്ന പേർ വന്നത്‌ എന്ന് ഒരു ചരിത്രക്കാരൻ അഭിപ്രായപ്പെട്ടു. ഒരതിരു പോൽ നാടിനെ കാക്കുന്ന മുച്ചീരി മലയുടെ താഴ്‌വാരത്താണ്‌ ഈ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. മലയുടെ മറുപുറം പറളിയാണ്‌ .വെള്ളപ്പുറം തറവാടിന്റെ വിശേഷണങ്ങളിലേക്ക്‌ നമുക്ക്‌ കാതോർക്കാം

പാലക്കാട്‌ ജില്ലയിലെ വടക്കന്തറയിൽ നിന്നു ഏകദേശം 100 കൊല്ലം മുന്നെ മുച്ചീരിയിലേക്ക്‌ വന്നവരാണിവർ. വെള്ളപ്പുറത്ത്‌ ശങ്കുണ്ണി മേനോൻ എന്ന കാരണവരുടെ മരണ ശേഷം അദ്ദേഹത്തിന്റെ സഹോദരനായ ശ്രീ വെള്ളപ്പുറത്ത്‌ രാവുണ്ണി മേനോനും, അദ്ദേഹത്തിന്റെ മരുമകൻ വെള്ളപ്പുറത്ത്‌ നാരായണ മേനോനും കുടുംബവുമായി ആണ്‌ ഇവർ വടക്കന്തറയിൽ നിന്ന് കോങ്ങാട്ടേക്ക്‌ വന്നത്‌. വേറെ ഒരു നിഗമനവും ഇവരെ കുറിച്ച്‌ ഒരു ചരിത്രകാരൻ എന്നോട്‌ ഇങ്ങനെ പറഞ്ഞു . പണ്ട്‌ പാലക്കാടൻ പ്രദേശങ്ങളിൽ വള്ളുവകോനാതിരിയായ മങ്കട കോവിലകം കാർക്ക്‌ ധാരാളം ഭൂമിയുണ്ടായിരുന്നു . ഏകദേശം 300 വർഷങ്ങൾക്ക്‌ മുന്നെയുള്ള കഥയാണ്‌ . വടക്കന്തറ, ഇന്നത്തെ ഇന്ദ്രപ്രസ്ഥ ഹോട്ടൽ നിൽക്കണ ഭാഗങ്ങൾ അങ്ങനേ അനവധി പ്രദേശങ്ങൾ മങ്കട കോവിലകത്തിന്റെതായിരുന്നു. ഈ പ്രദേശങ്ങളുടെ എല്ലാം കാര്യങ്ങൾ നോക്കി നടത്താനായി വള്ളുവനാട്ടിൽ നിന്നു കൊണ്ടു വന്നവരാണ്‌ വെള്ളപ്പുറം പരമ്പരയെന്നും, ചുണ്ണാമ്പുത്തറ ആസ്ഥാനമാക്കി അവർ വാണു എന്നും പറയപ്പെടുന്നു. ആ കാലത്ത്‌ തന്നെ ഇങ്ങനെ അനവധി കുടുംബങ്ങൾ വള്ളുവനാട്ടിൽ നിന്ന് പാലക്കാട്ടേക്ക്‌ രാജകൽപ്പന നിറവേറ്റാനായി വന്നിട്ടുണ്ട്‌. ഈ നിഗമനം ശരി വയ്ക്കുന്ന മൂന്ന് ഘടകങ്ങൾ ഉണ്ട്‌. 1. വെള്ളപ്പുറം തറവാട്‌ വടക്കന്തറയിൽ നിന്നാണ്‌ വന്നതെന്ന് പറയുന്നു , 2 ഇന്നും മങ്കട കോവിലകത്തിനു വടക്കന്തറയിൽ ഭൂമിയുണ്ട്‌, വീടുണ്ട്‌,3.ശ്രീ വെള്ളപ്പുറത്ത്‌ രാവുണ്ണി മേനോനു മങ്കട കോവിലകത്ത്‌ നിന്ന് വീരശൃംഖല ലഭിച്ചിരുന്നു.4.ശ്രീ വെള്ളപ്പുറം നാരായണ മേനോൻ കുറെ കാലം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ കാര്യസ്ഥനായിരുന്നു. ഈ കാര്യങ്ങൾ എല്ലാം വെള്ളപ്പുറം തറവാടിന്റെ വള്ളുവനാടൻ ബന്ധത്തിനു ആക്കം കൂട്ടുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരയാണ്‌ വെള്ളപ്പുറം പരമ്പര. മേനോൻ പദവി ലഭിച്ചവരാണ്‌.ജന്മി പരമ്പരയായിരുന്നു. മുച്ചീരി, ചെറായ , വടക്കന്തറ ,കുണ്ടളശ്ശേരി ഭാഗങ്ങളിൽ ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നു.

വെള്ളപ്പുറത്ത്‌ ശ്രീ ശങ്കുണ്ണി മേനോന്റെ കാലത്താണ്‌ തറവാട്‌ പ്രതാപത്തിലെത്തി ചേർന്നത്‌. അവിടുന്നു അദ്ദേഹത്തിന്റെ സഹോദരനായ ശ്രീ വെള്ളപ്പുറത്ത്‌ രാവുണ്ണി മേനോൻ തറവാടിന്റെ നാമം വള്ളുവനാട്‌ മുഴുവൻ അലയൊലി കൊണ്ടു . സാത്വികനായിരുന്നു രാവുണ്ണി മേനോൻ . മങ്കട കോവിലകത്ത്‌ ( അരിപ്ര മങ്കട കടന്നമണ്ണ ആയിരനാഴി എന്നീ കോവിലകങ്ങളിൽ നിന്നു ഏറ്റവും സീനിയർ ആണ്‌ വള്ളുവകോനാതിരി ) നിന്നു അദ്ദേഹത്തിനു വീരശൃംഖല ലഭിച്ചിരുന്നു. എന്ത്‌ വിഷയത്തിനാണ്‌ വീരശൃംഖല ലഭിച്ചത്‌ എന്നതിനെകുറിച്ചുള്ള അന്വേഷണത്തിലാണ്‌ ഞാൻ . കലകൾ, അല്ലെൽ അത്യുന്നതമായ സേവനം നടത്തിയവർ, അധികാരി പദവി നന്നായി ഉപയോഗിച്ചവർക്കൊക്കെ ആണ്‌ വീരശൃഖല കൊടുക്കാറ്‌. ഇദ്ദേഹം എന്തായാലും കലാകാരൻ ആയിരുന്നില്ലാ. കോങ്ങാട്‌ പ്രദേശത്ത്‌ നിന്ന് മങ്കട കോവിലകത്ത്‌ നിന്നു സ്തുത്യർഹ സേവനത്തിനു വീരശൃംഖല ലഭിച്ച ഒരേ ഒരു വ്യക്തി വെള്ളപ്പുറത്ത്‌ ശ്രീ രാവുണ്ണി മേനോൻ ആണ്‌.ശ്രീ രാവുണ്ണി മേനോന്റെ കാലത്ത്‌ ചെറായ മൂന്ന് മൂർത്തി ക്ഷേത്രത്തിന്റെ പുനരുദ്ധരാണത്തിനും അദ്ദേഹം മുൻ കൈ എടുത്തു. ഇവർ വടക്കന്തറയിൽ നിന്നു വന്ന സമയത്ത്‌ മുച്ചീരിയിൽ കൃഷി പണിക്കും മറ്റും ജനങ്ങൾ ഇല്ലായിരുന്നു. ഉള്ളവർക്ക്‌ താമസിക്കാൻ ഇടവുമില്ലായിരുന്നു. രാവുണ്ണി മേനോന്റെ കാലത്ത്‌ തൊഴിലാളികൾക്ക്‌ ഭൂമി പതിച്ചു നൽകി അവർക്ക്‌ താമസിക്കാൻ ഇടമൊരുക്കാൻ സഹായിച്ചു.ജനോപകാരപ്രദമായ കാര്യങ്ങൾ അദ്ദേഹം തുടക്കം കുറിച്ചു.

വെള്ളപ്പുറത്ത്‌ ശ്രീ രാവുണ്ണി മേനോന്റെ മരുമകനായ വെള്ളപ്പുറത്ത്‌ നാരായണ മേനോന്റെ നാമം ഇന്നും കോങ്ങാട്ടിലും, വള്ളുവനാട്ടിലെ തറവാടുകളിലും പ്രസിദ്ധമാണ്‌. കാര്യപ്രാപ്തിയുടെ കാര്യത്തിൽ കേമൻ . നർമ്മ രസികൻ. വാക്കിനും സമയത്തിനും വില കൊടുത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റെ. നാട്ടിലെ പ്രശ്നങ്ങൾക്ക്‌ തീർപ്പ്‌ കൽപ്പിക്കുന്നതിലും, ജനങ്ങളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു. നാരായണ മേനോൻ കുറച്ചു കാലം അങ്ങാടിപ്പുറം തിരുമാന്ധാംകുന്നു ക്ഷേത്രത്തിലെ കാര്യസ്ഥൻ ആയിരുന്നു . കോങ്ങാടിൽ ആദ്യമായി മോട്ടോർ സൈക്കിൾ സ്വന്തമാക്കി, അത്‌ ഓടിച്ച്‌ വന്നത്‌ നാരായണ മേനോൻ ആണ്‌ . പ്രശ്നങ്ങൾ ദുരീകരിക്കാൻ മിടുക്കനായിരുന്നു നാരായണ മേനോൻ.കോവിൽക്കാട്ട്‌ പണിക്കർ കുടുംബവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു വന്ന അദ്ദേഹം , ഒരിക്കൽ പണിക്കർ വീട്ടിലെ മദം പിടിച്ച ആനയെ വെടി വച്ച്‌ കൊല്ലാൻ ഉള്ള കളക്ടരുടെ ഓർഡർ വന്നതായി പണിക്കർ വീട്ടിലുള്ളവർ നാരായണമേനോനോട്‌ പറയുകയും അതിനായി അദ്ദേഹം നയതന്ത്രപരമായി കളിച്ച്‌ ആനയുടെ കാലിനു താഴെ മാത്രം വെടിവയ്ക്കാനായും ഉത്തരവ്‌ മാറ്റി മേടിച്ച്‌ ,ആനയുടെ ജീവൻ നഷ്ടമാകുന്നതിൽ രക്ഷിച്ചു. ഇംഗ്ലീഷ്‌ ഭാഷയിൽ അതീവപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിനു അധികാരികൾ സംസാരിച്ച്‌ വിഷയങ്ങൾ തീർക്കാൻ എളുപ്പമായിരുന്നു.അതിന്റെ പ്രത്യപകാരമെന്ന വണ്ണം വെള്ളപ്പുറം തറവാട്ടിൽ പത്തായപ്പുര പണികൾ നടക്കണ സമയം പണിക്കർ വീട്ടുകാർ ആനയെ വിട്ടു നൽകി, ഭാരമുള്ള വസ്തുക്കൾ, പ്രത്യേകിച്ച്‌ തറവാട്ടിനു പിന്നിലെ കരിങ്കൽ പടികൾ എല്ലാം ആ ആന എടുത്തു വച്ചതാണ്‌.ബാലഗംഗാധരൻ മാഷ്‌ പറയുമായിരുന്നു നാരായണ മേനോൻ തമാശക്കാരൻ ആയിരുന്നു എന്നു . അതിനു ഉദാഹരണമായി ചെറിയ കഥകൾ മാഷ്‌ പറഞ്ഞു തന്നു . നാരായണ മേനോനു വയസ്സായി, കുറച്ച്‌ നാൾ കിടാപ്പിലായി, മരണത്തിൽ നിന്ന് കഷ്ടിച്ചാണ്‌ അദ്ദേഹം രക്ഷപ്പെട്ടത്‌. ആ സമയത്ത്‌ മേനോനെ കാണാൻ ചെന്ന സുഹൃത്ത്‌ ചോദിച്ചൂത്രെ എന്താ മേനോനെ ഒന്നു പോയി വന്നൂല്ലെ എന്ന്. നാരായണ മേനോന്റെ മറുപടി ഇങ്ങനെ ആയിരുന്നു , പോയതായിരുന്നു . പക്ഷെ പ്ലാറ്റ്‌ ഫോർമ്മിൽ വേണ്ടപ്പെട്ടവരെ ഒന്നും കണ്ടില്ലാ . അതിനാൽ തിരിച്ചു വന്നു എന്നു . വയസ്സാം കാലത്തും നർമ്മം അദ്ദേഹം കൈവിട്ടിരുന്നില്ലാ.ലൈസൻസുള്ള ഇരട്ടക്കുഴൽ തോക്ക്‌ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു .

വെള്ളപ്പുറത്ത്‌ നാരായണ മേനോൻ ആണ്‌ വെള്ളപ്പുറത്ത്‌ തറവാട്ടിലെ ഏറ്റവും പ്രസിദ്ധൻ.നാരായണ മേനോന്റെ സഹോദരിയായ കുട്ടിമാളു അമ്മയാണു നമ്പൂതിരി സമുദായ പാരമ്പര്യ വിവാഹങ്ങൾക്ക്‌ മാറ്റം കുറിച്ച്‌ പെരുന്തലക്കാട്ട്‌ മന പ്രസിദ്ധ നമ്പൂതിരി ഇല്ലത്തെ പ്രസിദ്ധ കഥകളി സംഗീതജ്ഞൻ ആയ വല്ലിയ കേശവൻ നമ്പൂതിരി/ കഥകളി ഭാഗവതർ വിവാഹം കഴിച്ചത്‌.സാധാരണ ഇത്തരം ബന്ധങ്ങളിൽ ഭാര്യ സ്വന്തം വീട്ടിൽ തന്നെയാണു താമസിക്കുക. എന്നാൽ കുട്ടിമാളു അമ്മ താമസിച്ചത്‌ ഭർത്തൃഗൃഹമായ പെരുന്തലക്കാട്ട്‌ മനയിലായിരുന്നു. അങ്ങനെ ഒരു കീഴ്‌വഴക്കം അക്കാലത്ത്‌ ആദ്യമായാണ്. അന്ന് ഭ്രഷ്ട്‌ ഒക്കെ നിലനിൽക്കണ കാലഘട്ടമാണ് എന്നോർക്കണം . അയിത്തവും ശുദ്ധിയും ഒക്കെ നോക്കി യാഥാസ്ഥിതികരായ നമ്പൂതിരിമാർ ജീവിക്കുന്ന കാലഘട്ടം. ഭർത്താവ് കേശവൻ നമ്പൂതിരിയും കുടുംബവും സകല സ്വാതന്ത്ര്യവും നൽകിയിട്ടും കുട്ടിമാളു അമ്മ പഴയ നമ്പൂതിരി ഗൃഹങ്ങളിലെ നിയമങ്ങൾ ഒന്നും ലംഘിക്കാൻ തയ്യാറായില്ല. മറിച്ച്‌ അസാമാന്യ ഭരണപാടവമുണ്ടായിരുന്ന അവർ ഇല്ലത്തെ ഭരണം ഏറ്റെടുക്കുകയും ഇല്ലത്തിന്റെ പേരും സമ്പത്തും വർദ്ധിപ്പിക്കാൻ ഒട്ടനവധി നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൃഷി നടത്തിപ്പ്‌ മുതൽ ഇല്ലത്തെ നിത്യവൃത്തിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്‌ കുട്ടിമ്മാളു അമ്മയായിരുന്നു. കുട്ടിമ്മാളു അമ്മയുടെ മരണാനന്തര ക്രിയകൾ എല്ലാം നടന്നത്‌ പെരുന്തലക്കാട്ട്‌ മനയ്ക്കൽ വച്ചായിരുന്നു. അതും അന്നത്തെ കാലത്ത്‌ അപൂർവ്വമായിരുന്നു.

വെള്ളപ്പുറം തറവാട്‌ സമുച്ചയം തെക്കിനിപ്പുര, പടിഞ്ഞാറ്റിനിപ്പുര എന്നീ പുരകൾ അടങ്ങിയതാണ്‌ . പടിഞ്ഞാറ്റിനിപ്പുരയ്ക്ക്‌ നൂറിലധികം വർഷം പഴക്കമുണ്ട്‌. അത്‌ ഇന്നു വേറെ ഒരു വ്യക്തിയുടേതാണ്‌ . തെക്കിനിപ്പുരയ്ക്ക്‌ എഴുപതിലധികം വർഷം പഴക്കം കാണും. നാരായണ മേനോന്റെ കാലത്താണ്‌ തറവാട്ടിലെ നവീകരണ പ്രവർത്തനങ്ങൾ നടന്നത്‌. കാലങ്ങൾക്ക്‌ അനുസരിച്ച്‌ മാറ്റം വരുത്തിയിട്ടുണ്ടെലും പഴമ നഷ്ടപ്പെട്ടിട്ടില്ലാ തറവാടിന്റെ. തെക്കിനിപ്പുരയ്ക്ക്‌ രണ്ട്‌ പൂമുഖവും ( കിഴക്ക്‌ പൂമുഖം പുരുഷന്മാരുടെ സഭ , പടിഞ്ഞാറ്‌ പൂമുഖം സ്ത്രീകളുടെ സഭ അത്‌ ആയിരുന്നു പഴയ കീഴ്‌വഴക്കം) അഞ്ചു മുറികളും , നീളൻ ഹാളും, മനോഹരമായ കോണിയും,ഏത്‌ വേനലിലും ഏസി തോൽക്കുമാറ്‌ കുളിരേകുന്ന കോണി ചുവടും, അടുക്കളയും, വറ്റാത്ത കിണറും, കുളവും അടങ്ങിയതാണ്‌ വെള്ളപ്പുറം തറവാട്‌. മുറികൾ എല്ലാം മരത്തിന്റെ തട്ടുള്ളവയാണ്‌. പടിഞ്ഞാറ്റിനിപ്പുരയെക്കാൾ ഉയരക്കൂടുതൽ ഉണ്ട്‌ തെക്കിനിപ്പുരയ്ക്ക്‌. മച്ചിന്റെ വാതിൽ നിന്ന് പടിഞ്ഞാറ്റിനിപുരയ്ക്ക്‌ നോക്കിയാൽ പടിഞ്ഞാറ്റിനിപ്പുരയുടെ അവസാനത്തെ വാതിൽ വരെ കാണാൻ പറ്റാവുന്ന രീതിയിലാണ്‌ തറവാടിന്റെ നിർമ്മിതി .തെക്കിനിപ്പുരയും, പടിഞ്ഞാറ്റിനിപ്പുരയും ചേർത്ത്‌ നോക്കുമ്പോൾ മൂന്ന് പുരകളായി ആണ്‌ നമുക്ക്‌ കാണുക. പണ്ടു തൊഴുത്തും , പശുക്കളും എല്ലാം ഉണ്ടായിരുന്നു.

തറവാട്ട്‌ വളപ്പിൽ സർപ്പക്കാവ്‌.എല്ലാകൊല്ലവും വെള്ളരി പതിവുണ്ട്‌. ഒരു പ്രാവശ്യം തുള്ളലും നടക്കുകയുണ്ടായി.മച്ചിൽ ഭുവനേശ്വരിയെ കുടിയിരുത്തിയിട്ടുണ്ട്‌ .എല്ലാ വർഷവും ഭുവനേശ്വരി പൂജയുണ്ട്‌.മച്ചിൽ ഭുവന്വേശ്വരിയുടെ കൂടെ കാരണവന്മാരെയും, വാൽക്കണ്ണാടിയിൽ രുദ്രാക്ഷമാല ചുറ്റി വച്ചും , പുരാതനമായ താളിയോല ഗ്രന്ഥവും പീഠത്തിൽ വച്ചാരാധിക്കുന്നുണ്ട്‌. ആ താളിയോല ഗ്രന്ഥം മച്ചിന്റെ പടി കടന്ന് പുറത്തേക്ക്‌ പോകാൻ പാടില്ലാ എന്ന് നൂറ്റാണ്ടുകളായുള്ള കീഴ്‌ വഴക്കമാണത്രെ.ഇന്നും അത്‌ പാലിച്ച്‌ പോരുന്നു .മച്ചിൽ വിളക്ക്‌ വച്ച ഉടൻ വാതിൽ അടയ്ക്കണം , പല വീടുകളിലും വിളക്ക്‌ വച്ചാൽ വാതിൽ തുറന്ന് വയ്ക്കണം പക്ഷെ ഇവിടെ നേരെ തിരിച്ചാണ്‌. കുളത്തിനരികിലായി മാഞ്ചുവിനും കുട്ടിച്ചാത്തന്മാർക്കും പ്രതിഷ്ഠയുണ്ട്‌, അവർക്ക്‌ എല്ലാകൊല്ലവും പൂജയുണ്ട്‌. മാഞ്ചുവിനു മുച്ചീരി വെള്ളപ്പുറം ഭാഗങ്ങളിൽ ഒരുപാട്‌ ജനങ്ങൾ പൂജ വയ്ക്കാറുണ്ട്‌. മാഞ്ചു 1900-1950 കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ഒരു മനുഷ്യൻ ആയിരുന്നു. അദ്ദേഹം ഒരു കൊല ചെയ്തു. അതിനു നാട്ടുപ്രമാണിമാർ എല്ലാം ചേർന്ന് മാഞ്ചുവിനെ കഴുമരുത്തിലേറ്റി.മരണ ശേഷം മാഞ്ചുവിന്റെ ആത്മാവ്‌ അലഞ്ഞു തിരിഞ്ഞെന്നും, വെള്ളപ്പുറം ഭാഗങ്ങളിൽ മാഞ്ചുവിന്റെ ആത്മാവിന്റെ പ്രശ്നങ്ങൾ കണ്ട്‌ തുടങ്ങി എന്നും ആ ആത്മാവിനെ പ്രസാദിപ്പിക്കാൻ ആയി ആണ്‌ എല്ലാ വർഷവും ഈ ഭാഗങ്ങളിൽ ഉള്ളവർ മാഞ്ചുവിനു പൂജ കൊടുക്കുന്നത്‌(പൂജ കൊടുക്കാൻ വൈകിയാൽ പ്രത്യേക രീതിയിൽ ഉള്ള കരച്ചിൽ അർദ്ധരാത്രിയിൽ അടുത്ത കാലത്ത്‌ വരെ കേട്ടിരുന്നു ത്രെ . അതിനാൽ ആരും മാഞ്ചുവിനു പൂജ കൊടുക്കാൻ വൈകിക്കാറില്ലാ)പാലക്കാട്‌ പുളിയങ്കാവ്‌ ഭഗവതി ആണ്‌ വെള്ളപ്പുറം തറവാട്ടുകാരുടെ അടിമക്കാവ്‌. തട്ടകത്തിലെ ഭഗവതിയായ്‌ എഴക്കാട്‌ വല്ലിയ കുന്നപ്പുള്ളിക്കാവും, തുല്ല്യ പ്രാധാന്യം മാഞ്ചേരിക്കാവിലമ്മയ്ക്കും ഉണ്ട്‌.

വെള്ളപ്പുറത്ത്‌ ശ്രീ രുഗ്മിണി അമ്മയാണ്‌ തറവാട്ട്‌ കാരണവർ . വെള്ളപ്പുറത്ത്‌ ശ്രീ രുഗ്മിണി അമ്മ , വെള്ളപ്പുറത്ത്‌ ശ്രീ മാധവിക്കുട്ടി അമ്മ , വെള്ളപ്പുറത്ത്‌ ശ്രീ സരോജിനി അമ്മ ( പരേതയായി) ഇവരും ഇവരുടെ മക്കളും പേരക്കുട്ടികളും അടങ്ങിയതാണ്‌ ഇന്നത്തെ വെള്ളപ്പുറം പരമ്പര. മുച്ചീരി പ്രകൃത്യാ മനോഹരിയാണ്‌, മുച്ചീരി മലയുടെ താഴ്‌വാരവും, പാടശേഖരവും മുച്ചീരി മലയും എല്ലാം വെള്ളപ്പുറം തറവാട്ടിലേക്ക്‌ പോകുന്ന വഴി നമ്മെ വരവേൽക്കും. ഈ വെള്ളപ്പുറം എന്ന മനോഹരമായ ഭൂമിയിലാണ്‌ ഒടിയൻ സിനിമയുടെ പ്രധാന ലോക്കേഷൻ ( തേങ്കുറുശ്ശി ഗ്രാമം ഇവിടെയാണ്‌ ഒരുക്കിയിരിക്കുന്നത്‌. ) . കാരണം ഈ നാട്‌ മാത്രമെ ഉള്ളൂ ഇന്നും പഴമയോടെ നിൽക്കുന്നതായുള്ളൂ. വെള്ളപ്പുറം മനോഹരിയാണ്‌ . അത്‌ പോലെ വെള്ളപ്പുറം തറവാടും. കാലാകാലം നിലനിൽക്കട്ടെ വെള്ളപ്പുറം തറവാട്‌.