പല ഘട്ടങ്ങളില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കപ്പെട്ടു: മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: പല ഘട്ടങ്ങളില്‍ തന്റെ പേര് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി 24 കേരളയോടു പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ ആരെന്നു ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതാണ്.

തീരുമാനം ഹൈക്കമാന്‍ഡില്‍ നിന്നാണ് വരേണ്ടത്. ആരാണ് കെപിസിസി അധ്യക്ഷന്‍ എന്ന കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. ആര് കെപിസിസി അധ്യക്ഷ സ്ഥാനത്ത് വരുമെന്ന കാര്യത്തില്‍ എനിക്ക് വ്യക്തിപരമായി ഒരു ധാരണയുമില്ല. ഇത്തരം കാര്യങ്ങളില്‍ ആവേശം കാണിക്കുന്ന ഒരു സ്വഭാവം ഞാന്‍ പ്രകടിപ്പിക്കാറില്ല.

പാര്‍ട്ടി തീരുമാനമാണ് വലുത്. പാര്‍ട്ടി എന്താണ് തീരുമാനിക്കുന്നത്. ആ തീരുമാനത്തിന് അനുസരിച്ചാണ് ഇന്നേവരെ ഞാന്‍ സഞ്ചരിച്ചിട്ടുള്ളത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ യാതൊരു കുറവും സംഭവിക്കാതെ നിറവേറ്റുന്നതിലാണ് എപ്പോഴും ശ്രദ്ധിക്കാറുള്ളത്.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി മുന്‍പ് ഏല്‍പ്പിച്ചത്. അത് കുറ്റങ്ങളും കുറവുകളും പരമാവധി കുറച്ച് ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി തീരുമാനമായിരുന്നു അത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഭംഗിയായി നിറവേറ്റുക എന്നതിലാണ് ഞാന്‍ ശ്രദ്ധ ചെലുത്തുന്നത്.

സത്യസന്ധമായും സുതാര്യവുമായാണ് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയത്. പക്ഷെ ഇപ്പോള്‍ കെപിസിസി അധ്യക്ഷ പദവി തേടി വരുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അറിയില്ല-മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നിലവിലെ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ മാറുമെന്നു ഉറപ്പായിരിക്കെ പല പേരുകളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ മുന്‍പിലുണ്ട്. അതില്‍ ഏറ്റവും മുന്‍തൂക്കം മുല്ലപ്പള്ളി രാമചന്ദ്രനാണ് എന്നാണു സൂചനകള്‍. കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.ഡി.സതീശന്‍, കെ.മുരളീധരന്‍ തുടങ്ങിയ പേരുകളാണ് കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റു പേരുകള്‍.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുന്‍പാണോ ശേഷമാണോ പുതിയ കെപിസിസി അധ്യക്ഷന്‍ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ തന്നെ സംശയം ഉയരുന്നുണ്ട്.

നിലവിലെ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ കെപിസിസി ഫണ്ട് പിരിവ് ലക്ഷ്യമാക്കിയുള്ള ജനമോചന യാത്രയിലാണ്. ഏപ്രിൽ ഏഴിന് കാസർകോട്ട് എ.കെ.ആന്റണി ഉദ്ഘാടനം ചെയ്ത യാത്രയിലാണ് ഇപ്പോള്‍ എം.എം.ഹസന്‍ ഉള്ളത്.

എല്ലാ ജില്ലകളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട് പോകുന്ന ഈ യാത്ര നാളെയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. കെപിസിസിക്കായി യാത്രയുമായി ഹസന്‍ മുന്നോട്ട് നീങ്ങുന്ന സമയത്താണ് ഹസന്റെ സ്ഥാനചലനവാര്‍ത്തയും പുറത്ത് വരുന്നത്.

ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ കെപിസിസിയുടെ ചുമതല ഏറ്റെടുക്കുകയും നല്ല നിലയില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്ത എം.എം.ഹസനെ പെട്ടെന്ന് പുറത്താക്കുന്നത് ശരിയായ രീതിയല്ലെന്ന തോന്നല്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്. അതുകൊണ്ട് തന്നെ വരുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വരെ ഹസനെ തുടരാന്‍ അനുവദിക്കണം എന്നും കോണ്‍ഗ്രസിനുള്ളില്‍ ആവശ്യം ഉയരുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പെട്ടെന്ന് തന്നെ അധ്യക്ഷനെ തീരുമാനിക്കണം എന്ന ചിന്തയിലാണ്. അതുകൊണ്ട് തന്നെ പ്രഖ്യാപനം വൈകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.

കെപിസിസി അധ്യക്ഷന് വേണ്ടി ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പേരുകള്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നു.

മൂന്നു പേരുകള്‍ വീതമാണ് എ-ഐ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടത്. പക്ഷെ രാഹുല്‍ ഗാന്ധിയുടെ മനസില്‍ വേറെ പേരുകള്‍ ഉണ്ട് എന്ന് ഇരുഗ്രൂപ്പുകളും സംശയിക്കുന്നുമുണ്ട്. ആ പേരുകളില്‍ മുന്‍പന്തിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പേരാണ് എന്നാണ് സൂചനകള്‍.