പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇന്ന് സ്‌കാനിങ്ങിന് വിധേയനാകും

ലണ്ടന്‍: ലോകകപ്പ് മത്സരത്തിന് ഇന്ത്യയ്ക്ക് തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക്. കഴിഞ്ഞ ഞായറാഴ്ചഓസീസിനെതിരേ നടന്ന മത്സരത്തിലാണ് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് കൊണ്ട ധവാന്റെ വിരല്‍ നീരുവന്ന് വീര്‍ത്തിരുന്നു. താരത്തെ ഇന്ന് സ്‌കാനിങ്ങിന് വിധേയമാക്കും.

പന്ത് തട്ടിയ ശേഷവും ഓസീസിനെതിരേ ബാറ്റിങ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ധവാന്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം കളത്തിലിറങ്ങിയത്. വിരലിന്റെ സ്‌കാനിങ് റിപ്പോര്‍ട്ട് വന്ന ശേഷമേ ന്യൂസിലാന്‍ഡിനെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ ധവാന്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാകൂ. ധവാന്‍ കളിക്കാതിരുന്നാല്‍ ലോകേഷ് രാഹുല്‍ ഓപ്പണര്‍ സ്ഥാനത്ത് എത്തിയേക്കും.