പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് അടുത്ത രണ്ടോ മൂന്നോ മത്സരങ്ങള്‍ നഷ്ടമാകും

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യയുടെ പേസര്‍ ഭുവനേശ്വര്‍ കുമാറിന് അടുത്ത രണ്ടോ മൂന്നോ മത്സരങ്ങള്‍ നഷ്ടമാകും. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനു ശേഷം നായകന്‍ വിരാട് കോഹ്‌ലിയാണ് ഭുവനേശ്വറിന്റെ പരിക്കിനേക്കുറിച്ച് വ്യക്തമാക്കിയത്. ഭുവിയുടെ പരിക്ക് നിസാരമാണെന്നും കാല്‍ വഴുതിപ്പോയതാണ് പരിക്കിനു കാരണമെന്നും പറഞ്ഞ കോഹ്‌ലി രണ്ടോ മൂന്നോ മത്സരങ്ങളില്‍ ഭുവനേശ്വര്‍ ഉണ്ടാകില്ലെന്നും അറിയിച്ചു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഭുവനേശ്വറാണ് ഇന്ത്യയുടെ ബോളിംഗിനു തുടക്കമിട്ടിരുന്നത്. മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് ഭുവിക്ക് പരിക്കേറ്റത്. ഇടതു കാലില്‍ പേശീവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാനാകാതെയാണ് താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.

ജൂണ്‍ 22-ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. തുടര്‍ന്ന് 27-ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനേയും 30-ന് ആതിഥേയരായ ഇംഗ്ലണ്ടിനേയും നേരിടും.