പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കാം..

ചെറുപയര്‍ , വന്‍പയര്‍ , കടല തുടങ്ങിയ ധാന്യങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് കറിവയ്ക്കുകയാണ് നാം ചെയ്യുന്നത്. എന്നാല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കുമ്പോള്‍ പോഷകഗുണം കൂടുന്നു. മുളപ്പിക്കുമ്പോള്‍ പയറില്‍ ശേഖരിച്ചിരിക്കുന്ന അന്നജം തളിരിലകളും ചെറു വേരുകളുമായി രൂപപ്പെടാന്‍ ഉപയോഗിക്കുന്നു.

മുളപ്പിക്കുന്ന രീതി

മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയര്‍വര്‍ഗങ്ങള്‍ കേടില്ലാത്തതായിരിക്കണം. ഇവ നന്നായി കഴുകിയ ശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവില്‍ വെള്ളമൊഴിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും. നന്നായി അടച്ചുവയ്ക്കണം 12 മണിക്കൂറിനു ശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തില്‍ കഴുകുക. വെള്ളം വാര്‍ന്നു കളയുക. രണ്ടു നേരവും ഈ പ്രക്രിയ ആവര്‍ത്തിക്കുക. ചെറുപയര്‍ രണ്ടാം ദിവസം ചെറുമുള വരുമ്പോഴേ ഉപയോഗിക്കാം. എല്ലാ ധാന്യ പയര്‍വര്‍ഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്ക്കും.