പബ്ജി കളിച്ച വിദ്യാര്‍ഥികളടക്കം പത്ത് പേര്‍ അറസ്റ്റില്‍

രാജ്‌കോട്ട്: മള്‍ട്ടിപ്ലെയര്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിച്ച വിദ്യാര്‍ഥികളടക്കം പത്ത് പേരെ രാജ്‌കോട്ട് പോലീസ് അറസ്റ്റ് ചെയ്തു. പബ്ജി കളിക്കുന്നത് നിരോധിച്ചുകൊണ്ട് രാജ്‌കോട്ടില്‍ പോലീസ് ത്തരവ് ഇറക്കിയിരുന്നു. ഇത് വക വെക്കാതെ ഗെയിം കളിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതില്‍ ആറ് പേര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്.

ബുധനാഴ്ച പോലീസ് ആസ്ഥാനത്തിനടുത്ത് നിന്നും പബ്ജി കളിച്ച മൂന്ന് യുവാക്കളെ രാജ്‌കോട്ട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 188,35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും മറ്റൊരാള്‍ താത്കാലിക തൊഴിലാളിയും മൂന്നാമത്തെയാള്‍ തൊഴില്‍ അന്വേഷിക്കുന്ന ഒരു ബിരുദധാരിയുമാണ്. അവരെ ജാമ്യത്തില്‍ വിട്ടയച്ചതായും രാജ്‌കോട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ രോഹിത് റാവല്‍ പറഞ്ഞു.

പബ്ജി കളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം മാര്‍ച്ച്‌ ആറിനാണ് നഗരത്തില്‍ പബ്ജി കളിക്കുന്നത് നിരോധിച്ചുകൊണ്ട് പോലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ ഉത്തരവിറക്കിയിരുന്നു. പബ്ജി കളിച്ചതിന്റെ പേരില്‍ നിരവധി ആളുകളെ പിടികൂടിയിട്ടുണ്ട്. പക്ഷെ അവരുടെയൊന്നും അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. കേസ് കോടതിയില്‍ പോകും. അറിയിപ്പ് നല്‍കിയിട്ടും അത് അനുസരിക്കാതിരുന്നതിന്റെ പേരില്‍ വിചാരണയുണ്ടാകുമെന്നും രാജ്‌കോട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ രോഹിത് റാവല്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ആറ് ബിരുദ വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. ചായക്കടയില്‍ നിന്ന് പബ്ജി കളിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകളിലായി ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരേയും ജാമ്യത്തില്‍ വിട്ടയച്ചു. അന്നേദിവസം സത്താ ബസാറില്‍ നിന്ന് 25കാരനെ പിടികൂടിയതായും സബ് ഇന്‍സ്‌പെക്ടര്‍ എന്‍ഡി ദാരോര്‍ പറഞ്ഞു.

പബ്ജിക്ക് അടിമകളാകുന്നത് കുട്ടികളാണെന്നും, അവരുടെ പഠനത്തെയും പരീക്ഷ തയ്യാറെടുപ്പിനെയും ഇത് ബാധിക്കുന്നുവെന്നാണ് ജില്ല ഭരണകൂടം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇത് പ്രകാരം ഗുജറാത്തിലെ സൂറത്താണ് ആദ്യമായി പബ്ജി നിരോധിച്ച നഗരം.