പത്മശ്രീ നിരസിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് സെയ്ഫ് അലി ഖാന്‍

രാജ്യം ആദരവോടെ കാണുന്ന പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിരുന്നുവെന്ന്
സെയ്ഫ് അലിഖാന്‍. അര്‍ബാസ് ഖാനോടൊപ്പം പങ്കെടുത്ത ചാറ്റ് ഷോയിലായിരുന്നു വെളിപ്പെടുത്തല്‍.പത്മശ്രീ നേടിയത് പണം കൊടുത്താണെന്നുള്ള ട്രോളുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സെയ്ഫ്.

2010 ലാണ് രാഷ്ട്രം സെയ്ഫിനെ പത്മശ്രീ നല്‍കി ആദരിച്ചത്. ഹിന്ദി സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ചായിരുന്നു പുരസ്‌കാരം.അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നായിരുന്നു സെയ്ഫ് പുരസ്‌കാരം സ്വീകരിച്ചത്.2005 ല്‍ മികച്ചനടനുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

തന്നെ പരിഹസിക്കുന്ന ട്രോളുകള്‍ സെയ്ഫ് തന്നെയാണ് ഷോയില്‍ വായിച്ചു കേള്‍പ്പിച്ചത്. പത്മശ്രീ പണം കൊടുത്തു വാങ്ങിയെന്നും , കള്ളനാണെന്നും, അഭിനയം എന്തെന്ന് അറിയില്ലെന്നുമെല്ലാമായിരുന്നു പരിഹാസങ്ങള്‍.എന്നാല്‍ പത്മശ്രീ പണം കൊടുത്തു വാങ്ങാവുന്ന ഒന്നല്ല. സര്‍ക്കാരിന് കൈക്കൂലി കൊടുക്കുന്നത് ചിന്തിക്കാന്‍ കൂടിയാകില്ല.. പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മുതിര്‍ന്ന താരങ്ങള്‍ ഇവിടെയുണ്ടെന്നും .യോഗ്യത കുറഞ്ഞ പലരും നേടിയിട്ടുമുണ്ടെന്ന് താരം പറഞ്ഞു.

അവാര്‍ഡ് തിരിച്ചു കൊടുക്കാനുള്ള തീരുമാനത്തെ തടഞ്ഞത്
പിതാവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്.സര്‍ക്കാര്‍ നല്‍കിയ
പുരസ്‌കാരം നിരസിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.അതിനാലാണ് പുരസ്‌കാരം സ്വീകരിച്ചത് എന്ന് സെയ്ഫ് അലി ഖാന്‍ വ്യക്തമാക്കി. താന്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ആളുകള്‍ പറയുന്ന കാലം വരുമെന്നും സെയ്ഫ് പറഞ്ഞു. പല ട്രോളുകള്‍ക്കും രസകരമായി മറുപടി നല്‍കിയാണ് താരം മടങ്ങിയത്.