പത്മശ്രീ തിമ്മക്ക

ബോധി ദത്ത

കർണാടകയിലെ തുംകൂറിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു .വളരെ ചെറുപ്പത്തിൽ തന്നെ ദാരിദ്ര്യം കാരണം പഠനമുപേക്ഷിച്ചു കുടുംബ ഭാരം ചുമലിലേറ്റേണ്ടി വന്നു . വിവാഹ ശേഷം ദാരിദ്ര്യത്തോടൊപ്പം കുട്ടികളില്ലാത്ത ദുഃഖം കൂടി മനസ്സിനെ നോവിച്ചപ്പോൾ വൃക്ഷങ്ങൾ സാന്ത്വനമേകി . ഭർത്താവിന്റെ പിന്തുണയോടെ നാലു കീലോമീറ്റർ നീളത്തിൽ, മുന്നൂറോളം ആൽ വൃക്ഷങ്ങൾ നട്ടു , വൃക്ഷ തൈകളെ മക്കളായി പരിപാലിച്ചു .

ഉച്ച ആകുമ്പോഴേക്കും മറ്റു ജോലികളൊക്കെ തീർത്താണ് വൃക്ഷങ്ങൾക്കായി തിമ്മക്ക സമയം കണ്ടെത്തിയിരുന്നത്. തന്റെ വേദനകളെല്ലാം മറന്ന് സ്വച്ഛമായ വായു ശ്വസിച്ച് 107 വയസ്സിന്റെ നിറവിൽ തിമ്മക്ക എത്തി നിൽക്കുന്നു , മൂന്നൂറിൽ പരം ആൽവൃക്ഷങ്ങളുടെ അമ്മയായി .

കാലിഫോര്ണിയയിലെ തിമ്മക്ക റിസോഴ്സസ്‌ ഫോർ എൻവയൺമെന്റൽ എഡ്യൂക്കേഷൻ , ബിബിസി യുടെ 100 മോസ്റ്റ് influential women ലിസ്റ്റിൽ സ്ഥാനം എന്നിവയൊക്കെ ലോകം ആദരപൂർവം നൽകിയ ചില പരിതോഷികങ്ങൾ മാത്രം . 80 വർഷത്തിൽ 8000 വൃക്ഷങ്ങൾ ലോകത്തിനായി സംഭാവന നൽകിയ നിസ്വാര്ഥ ജീവിതം കൂടി ആണ് തിമ്മക്കയുടേത് .

“മൂലതോ ബ്രഹ്മ രൂപായ മധ്യതോ വിഷ്ണു രൂപിണേ
അഗ്രത: ശിവ രൂപായ വൃക്ഷ രാജായ തേ നമഃ

അശ്വത്ഥ സർവ പാപാനി ശത ജന്മാർജ്ജിതാനിച
നുദസ്വ മമ വൃക്ഷേന്ദ്ര സർവ ഐശ്വര്യ പ്രദോ ഭവ

ആയുർബലം യശോ വർച , പ്രജാ പശു വസൂനി ച
ബ്രഹ്മ പ്രജ്‌ഞാം ച മേധാം ച ത്വംനോ ദേഹി വനസ്പതേ ”

അശ്വത്ഥം അഥവാ ആൽമരം വൃക്ഷേന്ദ്രനാണ്‌ . ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ കുടികൊള്ളുന്ന , സർവ പാപ നാശനവും , ഐശ്വര്യവും , സമ്പത്തും , പുത്രസുഖവും , ദീർഘായുസ്സും കീർത്തിയും നൽകുന്ന മഹാവൃക്ഷം . ജീവിതം തന്നെ ആൽവൃക്ഷത്തിനോടുള്ള പ്രാർത്ഥനയാക്കിയ, വൃക്ഷരാജൻ തന്റെ ആശീർവാദം ചൊരിഞ്ഞ പുണ്യ ജന്മമാണ് തിമ്മക്ക. മണ്ണിനെ ഭയമില്ലാത്തവർക്ക് പാദരക്ഷകൾ എന്തിന് ?