പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരുതരി മണ്ണില്‍പ്പോലും ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നില്ല; രാജകുടുംബം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരുതരി മണ്ണില്‍പ്പോലും ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍. ക്ഷേത്രസ്വത്തുക്കള്‍ ദേവന്‍റേതാണ്. പാരമ്പര്യം അനുസരിച്ച് ക്ഷേത്രം പ്രവര്‍ത്തിക്കണമെന്നാണ് താല്‍പര്യം.

തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമത്തില്‍ രാജകുടുംബവും ക്ഷേത്രവുമായുളള ബന്ധം എടുത്തുപറയുന്നുണ്ട്. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും രാജകുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ വാദിച്ചു. കേസില്‍ രാജകുടുംബത്തിന്‍റെ വാദം പൂര്‍ത്തിയായി. മറ്റ് കക്ഷികളുടെ വാദം നാളെ തുടരും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.