പത്ത് കിലോ കഞ്ചാവുമായി മംഗലാപുരം സ്വദേശി പിടിയില്‍

കോഴിക്കോട്: വില്‍പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്സൈസ് ഇന്റലിജന്‍സും എക്സൈസ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ടുവന്നത്. റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ശേഷം ലിങ്ക്റോഡിലൂടെ വരുന്നതിനിടെയാണ് എക്സൈസ് അന്‍സാറിനെ പിടികൂടിയത്.

അന്‍സാര്‍ കഞ്ചാവുമായി കോഴിക്കോടെത്തുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എക്സൈസ് സ്‌ക്വാഡ് അന്‍സാറിനെ കണ്ടെത്തിയത്. അന്‍സാര്‍ ആര്‍ക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നതിനെ കുറിച്ച്‌ എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.അന്‍സാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സ്ഥിരമായി കോഴിക്കോട് കഞ്ചാവ് വില്‍പന നടത്തുന്നവരെ കുറിച്ച്‌ അറിയാനാവുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജിത്കുമാര്‍, ഇന്‍സ്പക്ടര്‍ സുധാകരന്‍, ഇന്റലിജന്‍സ് ഫീല്‍ഡ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, കെ.എന്‍.റിമേഷ്, യു.പി.മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റെനീഷ്, അനുരാജ്, വനിതാ എക്സൈസ് ഓഫീസര്‍ സുജല എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇതിനിടെ ഒന്നര കിലോ കഞ്ചാവുമായി താമരശ്ശേരി വയനാട് ദേശീയ പാതയില്‍ നിന്നും മറ്റൊരു യുാവാവും എക്‌സൈസിന്റെ പിടിയിലായി. മാവൂര്‍ കണ്ണിപറമ്ബിലെ കക്കാരത്തില്‍ കോയ മകന്‍ സമീര്‍ ആണ് പിടിയിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പള്‍സര്‍ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്