പത്തംഗ സമിതി ഇനിയും യോഗം കൂടിയില്ല; ചെങ്ങന്നൂര്‍ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് തീരുമാനം വൈകും

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്‌
തീരുമാനിക്കാന്‍ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി പത്തംഗ സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും സമിതി ഇതുവരെ യോഗം ചേര്‍ന്നില്ല. ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പ്രഖ്യാപിച്ചിരുന്നെങ്കിലും
ഈ കാര്യത്തില്‍ ഒരടി പോലും മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

സ്റ്റിയറിങ് കമ്മിറ്റി നിശ്ചയിച്ച പത്തംഗ സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്ന് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്‌ എംഎല്‍എ 24 കേരളയോടു പറഞ്ഞു. എന്ന് യോഗം കൂടണം എന്ന് പ്രത്യേക സമിതി തീരുമാനിച്ചിട്ടില്ല.

യോഗം അടുത്ത് തന്നെ ചേര്‍ന്നേക്കാന്‍ സാധ്യതയുണ്ട് എന്ന് മാത്രം പറയുന്നു -സി.എഫ്.തോമസ്‌ പറഞ്ഞു. യോഗം മന:സാക്ഷി വോട്ടിനു ആഹ്വാനം ചെയ്യുമോ എന്ന ചോദ്യത്തിന്‌ യോഗം ചേരാതെ അക്കാര്യം പറയാന്‍ കഴിയില്ല എന്നായിരുന്നു സി.എഫ്.തോമസ്‌ നല്‍കിയ മറുപടി.

ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മും മുന്നണിയിലേയ്ക്ക്‌ തിരികെ വരാന്‍ കോണ്‍ഗ്രസും ക്ഷണിക്കുന്നുണ്ടെങ്കിലും ഇനിയും ഒരു തീരുമാനത്തിനു കേരളാ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഒരു പിളര്‍പ്പ് ഒഴിവാക്കണമെന്ന കെ.എം.മാണിയുടെയും പി.ജെ.ജോസഫിന്റെയും നിലപാട് കൊണ്ടുമാത്രമാണ് പാര്‍ട്ടി പിളരാതിരിക്കുന്നത്.

പക്ഷെ മുന്നണി കാര്യത്തിലോ ചെങ്ങന്നൂര്‍ കാര്യത്തിലോ ജോസഫ്, മാണി വിഭാഗങ്ങള്‍ക്ക് യോജിച്ച് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെയാണ് പത്തംഗ സമിതിയ്ക്ക് യോഗം ചേരാന്‍ കഴിയാത്തത്.
ഒടുവില്‍ മന:സാക്ഷി വോട്ടിനു തന്നെ പത്തംഗ സമിതിയുടെയും ആഹ്വാനം വരാനാണ് സാധ്യത. ഏത് മുന്നണി എന്ന കാര്യത്തില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു തീരുമാനം എടുക്കാനാണ് മാണി, ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ലക്‌ഷ്യം വയ്ക്കുന്നത്.

ഏതെങ്കിലും മുന്നണിയിലേയ്ക്ക് പോകണോ അതോ നിഷ്പക്ഷ നിലപാട് തുടരണമോ എന്നതിനെക്കുറിച്ച്‌ സമിതി ചര്‍ച്ച നടത്തും എന്നാണ് സ്റ്റിയറിംഗ് കമ്മിറ്റി
യോഗത്തിനു ശേഷം കെ.എം.മാണി പറഞ്ഞത്. പാർട്ടി ചെയർമാൻ കെ.എം.മാണി, വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്, എംപിമാരായ ജോസ് കെ. മാണി, ജോയ് ഏബ്രഹാം, എംഎൽഎമാരായ സി.എഫ്.തോമസ്, ഡോ.എൻ.ജയരാജ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ട്രഷറർ തോമസ് ജോസഫ്, പി.ടി.ജോസ് എന്നിവരെയാണ് സ്റ്റിയറിംഗ് കമ്മിറ്റി പ്രത്യേക സമിതി അംഗങ്ങൾ ആയി നിശ്ചയിച്ചത്.

ഈ സമിതി ചർച്ച നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്നും മാണി പറഞ്ഞിരുന്നു. മുന്നണി ബന്ധവും നിലപാടും സംബന്ധിച്ച് അഭിപ്രായ ഐക്യത്തിൽ എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രത്യേക സമിതിയെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത്. ചെങ്ങന്നൂര്‍ കാര്യം തീരുമാനിക്കാന്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിവിധ അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു.

യുഡിഎഫിലേക്കു മടങ്ങുന്ന കാര്യത്തില്‍ അനുകൂലമായും പ്രതികൂലമായും അഭിപ്രായം വന്നപ്പോൾ നിഷ്പക്ഷ നിലപാടു തുടരണമെന്ന അഭിപ്രായവുമുണ്ടായിരുന്നു. ഏതെങ്കിലും മുന്നണിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിന് പകരം വിജയസാധ്യത ആര്‍ക്കെന്ന് വിലയിരുത്തി മനഃസാക്ഷി വോട്ടിന് തീരുമാനമെടുത്താല്‍ മതിയെന്ന വാദമാണ് കെഎം മാണിയും ജോസ് കെ മാണിയും മുന്നോട്ടുവെച്ചത്. എന്നാല്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ച പിജെ ജോസഫ് തീരുമാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.