പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം

ഒരിക്കൽ കാട്ടുമൂങ്ങ ഇടുക്കിയിലെ  ഗ്രാമീണരുടെ പേടിസ്വപ്നമായിരുന്നു. പുള്ളിക്കുത്തുള്ള വയർ, കഴുകന്റെ മുഖം, ഭയമുളവാക്കുന്ന നോട്ടം–എങ്ങിനെ പേടിക്കാതിരിക്കും? കാട്ടുമൂങ്ങയെ കാണുന്നത് ദോഷമാണെന്നും മരണം വരെ സംഭവിക്കാമെന്നുമാണ് അവർ വിശ്വസിച്ചിരുന്നത്. പക്ഷെ ഇപ്പോൾ ഇടുക്കിയിലെ മറയൂരിലേക്ക് ചെല്ലൂ. 
കാട്ടുമൂങ്ങ മരണത്തിന്റെ വരവറിയാക്കാനാണ് എത്തുന്നത് എന്ന് വിശ്വസിച്ചിരുന്ന മറയൂരിലെ ജനങ്ങൾ  ഇന്ന് കാട്ടുമൂങ്ങകളെ സംരക്ഷിക്കുന്നത് കാണാം. ഇടുക്കിയിലെ ഒരു സംഘം   പരിസ്ഥിതി പ്രവർത്തകരുടെ ശ്രമഫലമായി സംഭവിച്ചതാണ് ഈ മാറ്റം. കീടങ്ങളെ  തുരത്തുന്ന മൂങ്ങകള്‍ കര്‍ഷകര്‍ക്ക് വലിയ സഹായമാണ് ചെയ്യുന്നതെന്ന് അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ഇതോടെ നിബിഡമായ വനങ്ങളില്‍ മാത്രം കാണപ്പെടുന്ന നാണംകുണുങ്ങികളായ കാട്ടുമൂങ്ങകള്‍ മറയൂരിലെ പാതയോരങ്ങളില്‍ വിനോദസഞ്ചാരികളെയും പ്രകൃതി സ്‌നേഹികളെയുമെല്ലാം വളരെ ആകര്‍ഷിക്കുന്ന പതിവ് കാഴ്ചയായി മാറി. 

Related image


കാട്ടുമൂങ്ങകളോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത്  പ്രകൃതിസ്‌നേഹിയായ മറയൂരിലെ ടൂറിസ്റ്റ് ഗൈഡ് രാജ ദുരൈയാണ്. ഒരിക്കല്‍ മറയൂരിലെ മേലടിയില്‍ വച്ചുണ്ടായ അനുഭവമാണ് രാജ ദുരൈയെ മൂങ്ങകളുടെ സംരക്ഷണത്തിന്റെ മുൻപന്തിയിലെത്തിച്ചത്. 
ദേശീയപാതയുടെ ഒരുവശത്ത് വലിയൊരു മരത്തിലെ പൊത്തിൽ കൂടൊരുക്കിയ ഒരു ജോഡി കാട്ടുമൂങ്ങകളെ കാണുന്നതിനായി പ്രദേശവാസികള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. ഹിന്ദു പുരാണമനുസരിച്ച് മരണദേവനായ യമധര്‍മ്മന്റെ ദൂതന്മാരായിട്ടാണ് കാട്ടുമൂങ്ങകളെ കണക്കാക്കിയിരുന്നത്. രാത്രിയില്‍  മാത്രം ഇര തേടിയിറങ്ങുന്ന, സാധാരണഗതിയില്‍  നിബിഡമായ വനങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വയിനം പക്ഷികളെ കണ്ട രാജ ദുരൈ അമ്പരന്നുപോയി. 

അവയെങ്ങനെ ദേശീയ പാതയോരത്തെ മരത്തില്‍ കൂടുകൂട്ടി? ജനവാസകേന്ദ്രത്തോടെ ഇത്ര അടുത്തെത്തിയ അവയെ എങ്ങിനെ സംരക്ഷിക്കും? ഈ ചോദ്യങ്ങളാണ് രാജ ദുരൈയെ അവയുടെ കൂട്ടില്‍നിന്നും അവയെ തുരത്തിയോടിക്കുന്നതിനു പകരം അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവ മനുഷ്യന് എത്രത്തോളം ഉപകരം ചെയ്യുമെന്നുമുള്ള കാര്യവും  പ്രദേശവാസികളെ ബോധ്യപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. മറയൂരിലെ ജനങ്ങളില്‍ 90 ശതമാനവും കൃഷിക്കാരാണ്. 1.3 മുതല്‍ 1.5 കിലോഗ്രാം വരെ തൂക്കമുള്ള കാട്ടുമൂങ്ങകൾ എലികളെയും പ്രാണികളെയും എങ്ങനെയാണ് നശിപ്പിക്കുന്നതെന്ന് രാജ ദുരൈ അവരെ ബോധ്യപ്പെടുത്തി.

Related image

ഒരു ജോഡി കാട്ടുമൂങ്ങകളുടെ ഒരു കുടുംബം ഒരു വര്‍ഷം 2,500  എലികളെയോ മറ്റു പ്രാണികളെയോ ഭക്ഷിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഫലത്തില്‍ മണ്ണിനോ ജലത്തിനോ ദോഷമൊന്നും ചെയ്യാതെ കീടങ്ങളെ നശിപ്പിക്കുന്ന കർഷകമിത്രങ്ങളാണ് ഈ മൂങ്ങകള്‍.മൂങ്ങകൾ തങ്ങൾക്ക് ചെയ്യുന്ന ഉപകാരം തിരിച്ചറിഞ്ഞ  ഗ്രാമവാസികളിൽ ഭൂരിപക്ഷവും ഇന്ന് മൂങ്ങകളെ സംരക്ഷിക്കുന്നവരാണ്. 

Image result for spot-bellied eagle-owl


നാട്ടുകാരിൽ നിന്നുള്ള ഉപദ്രവം കുറഞ്ഞതോടെ മൂങ്ങകള്‍ അവയുടെ കൂട്ടില്‍ മുട്ടയിടാന്‍ തുടങ്ങി. മുട്ടയില്‍ നിന്നും വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്കൊപ്പം മരങ്ങളിലെ കൂടുകളില്‍ കഴിയുന്ന കാട്ടുമൂങ്ങകളുടെ അപൂര്‍വ കാഴ്ച കാണുന്നതിനായി ബെംഗളൂരു, പൂനെ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ധാരാളം പ്രകൃതിസ്‌നേഹികള്‍ എത്തുന്നുണ്ട്. 
ടൂറിസ്റ്റുകളുടെ വരവ് വര്‍ദ്ധിച്ചതോടെ പ്രദേശവാസികള്‍ക്ക് പാതയോര കച്ചവടത്തിനും അതൊരു താങ്ങായി മാറിയിരിക്കുകയാണ്. അങ്ങിനെ ഒരിക്കല്‍ ദുശ്ശകുനമായി കരുതപ്പെട്ടിരുന്ന കാട്ടുമൂങ്ങകള്‍ ഇന്ന് മറയൂരിലെ കർഷകരുടെ  ഭാഗ്യതാരകമായി  മാറിയിരിക്കുകയാണ്.