പണിമുടക്കിനിടെ ട്രെയിന്‍ തടയല്‍: മൂന്ന് വര്‍ഷം ജയിലും ലക്ഷങ്ങള്‍ പിഴയും; നടപടി കടുപ്പിച്ച് റെയില്‍വേ

തിരുവനന്തപുരം:  പണിമുടക്കിന്റെ ഭാഗമായി ട്രെയിന്‍ തടഞ്ഞ കേസിലെ പ്രതികള്‍ക്കെതിരെ റയില്‍വെ നടപടി കടുപ്പിക്കുന്നു. ട്രയിന്‍ തടഞ്ഞിട്ട സമയം കണക്കാക്കി പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇതോടെ സമരസമിതിക്ക് കേസില്‍ നിന്നൊഴിവാകാന്‍‍ ലക്ഷങ്ങള്‍ കെട്ടിവയ്ക്കേണ്ടിവരും.

വിവിധയിടങ്ങളിലായി 49 ട്രെയിനുകള്‍ തടഞ്ഞു. സമരസമിതി നേതാക്കളായ വി.ശിവന്‍കുട്ടിയടക്കം കണ്ടാലറിയാവുന്ന ആയിരത്തി ഇരുന്നൂറ് പേര്‍ക്കെതിരെ കേസുണ്ട്. സാധാരണയായി ട്രെയിന്‍ തടയലിന് കേസെടുത്താല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുകയും കോടതിയില്‍ പിഴയടച്ചാല്‍ കേസൊഴിവാകുകയും ചെയ്യും. നിലവിലും ഇത് സാധ്യമാകുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെങ്കിലും പിഴയിനത്തില്‍ കനത്ത നടപടിക്കാണ് റയില്‍വെ തീരുമാനം.

തടഞ്ഞിട്ട സമയം കണക്കാക്കി ഒരു മിനിട്ടിന് നാനൂറ് രൂപ മുതല്‍ 800 രൂപ വരെ പ്രവര്‍ത്തന നഷ്ടം എന്ന ഇനത്തില്‍ പിഴ ഈടാക്കാനാണ് ആര്‍.പി.എഫിന് റയില്‍വെ സാമ്പത്തിക വിഭാഗം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പണിമുടക്കിന്റെ ആദ്യദിനം തമ്പാനൂരില്‍ വേണാട് തടഞ്ഞിട്ടത് ഒന്നര മണിക്കൂറിലേറെയാണ്. അപ്പോള്‍ അതിന് മാത്രം മിനിട്ടിന് ശരാശരി അറുന്നൂറ് രൂപ കണക്കാക്കിയാല്‍ അറുപതിനായിരത്തോളം രൂപ പിഴയാകും.