പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; 10 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

മുംബൈ:പഞ്ചാബ് നാഷണൽ ബാങ്കിൽ 11,505 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നതായി കണ്ടെത്തിയ പത്തു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഒരു ഡെപ്യൂട്ടി മാനേജർ ഉൾപ്പടെയുള്ള ജീവനക്കാരെയാണ് അന്വേഷണ വിധേയമായി ഇന്ന് സസ്‌പെൻഡ് ചെയ്തത്.

മുംബൈ ബ്രാഞ്ചിലെ ഇടപാടുകളിൽ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തി വിദേശത്തുനിന്നു പണം പിൻവലിച്ചതായാണ് റിപ്പോർട്ട്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ് വിവിധ അക്കൗണ്ടുകൾ വഴി പണം പിൻവലിച്ചതെന്നാണ് സംശയിക്കുന്നത്.

അതിനിടെ, അക്കൗണ്ടുകളിലൂടെ കോടികളുടെ തിരിമറി നടത്തിയതായി പറയപ്പെടുന്ന പ്രമുഖ ആഭരണ ബിസിനസുകാരൻ നിരവ് മോഡിക്കെതിരെ സി ബി ഐ കേസെടുത്തു. മോഡിക്കെതിരെ ബാങ്ക് രണ്ടു പരാതികൾ നൽകിയിട്ടുണ്ടെന്ന് സി ബി ഐ വെളിപ്പെടുത്തി. ലോകത്തെമ്പാടും സെലിബ്രിറ്റികൾക്ക് പ്രത്യേക ആഭരണങ്ങൾ ഡിസൈൻ ചെയ്തു കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ് നിരവ് മോഡി. തട്ടിപ്പിന്റെ വാർത്ത പുറത്തു വന്നതോടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരി വില കൂപ്പ് കുത്തി. ഇന്ന് രാവിലെ 156 രൂപയിൽ ആരംഭിച്ച ഓഹരി വില 145 .80 രൂപയിലാണ് ക്ലോസ് ചെയ്തത്.