പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്

പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് കണ്ടെത്തി. ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നതായാണ് അന്വേഷണ സംഘം നല്‍കുന്ന പ്രാഥമിക റിപ്പോര്‍ട്ട്.ഈ പണമെല്ലാം വിദേശത്തു നിന്നാണ് പിന്‍വലിക്കപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഈ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ വിദേശത്തുള്ള ഈ ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്കുകള്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും ബാങ്ക് പറയുന്നു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. അതേസമയം മുഴുവന്‍ ആസ്തിയുടെയും കാര്യത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് ഇത്. തട്ടിപ്പ് കാണിച്ച ഇടപാടുകാരുടെ പേര് വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഈ ഇടപാടിന്റെ വിവരങ്ങള്‍ തങ്ങള്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും ഈ ഇടപാടുകള്‍ മൂലം തങ്ങള്‍ക്ക് എന്തെങ്കിലും ബാധ്യതയുണ്ടാകുമോയെന്ന് പിന്നീട് പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ആറ് ശതമാനം വരെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഈ ഇടപാടുകളെ തുടര്‍ന്നുണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യം അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.