പഞ്ചസാര കമ്പനി ഒാറിയന്‍റല്‍ ബാങ്കില്‍ നിന്ന്​ 109 കോടി തട്ടിച്ചു

ന്യൂഡല്‍ഹി: യു.പിയിലെ പഞ്ചസാര കമ്പനിയായ സിംബോഹലി ഷുഗര്‍ എന്ന സ്ഥാപനം ഒാറിയന്‍റല്‍ ബാങ്കില്‍ നിന്ന്​ 109 കോടി തട്ടിച്ചുവെന്ന്​ ആരോപണം. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ബാങ്കില്‍നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് സിംബോലി ഷുഗേര്‍സ് ലിമിറ്റഡ് എന്ന കമ്ബനിയ്ക്കെതിരെ സിബിഐ കേസെടുത്തു.

കരിമ്പ് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെന്ന വ്യാജേന 2011ല്‍ 109 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2017 നവംബറിലാണ് ബാങ്ക തട്ടിപ്പ് അരോപിച്ച്‌ പരാതി നല്‍കിയിരുന്നത്. 2011ല്‍ ഓറിയന്റല്‍ ബാങ്കില്‍നിന്ന് 148.60 കോടി രൂപയുടെ വായ്പയാണ് സിംബോലി ഷുഗര്‍ കമ്ബനി വാങ്ങിയത്. കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ്, നോയ്ഡ, ഡല്‍ഹി എന്നിവിടങ്ങളിലായി എട്ട് സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര ഫാക്ടറികളില്‍ ഒന്നാണ് സിംബോലി ഷുഗേര്‍സ്.

സിംബോലി ഷുഗേര്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗുര്‍മീത് സിങ് മന്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗുര്‍പാല്‍ സിങ് എന്നിവരും മറ്റ് എട്ടുപേര്‍ക്കുമെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മകളുടെ ഭര്‍ത്താവാണ് ഗുര്‍പാല്‍ സിങ്.