പച്ചമാങ്ങയും, പുളിയുമൊന്നും വേണ്ട പിന്നെയോ….?

ആലിയ

ഗര്‍ഭിണികളായിരിക്കുന്ന സമയത്ത് സ്ത്രീകള്‍ക്ക് ചില ഭക്ഷണ സാധനങ്ങളോട് പ്രത്യേക താല്‍പര്യം തോന്നാറുണ്ട്. നമ്മുടെ നാട്ടില്‍ അതിന് വ്യാക്ക് എന്നാണു പറയുന്നത് എന്ന് ഏറെക്കുറെ എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. കേരളത്തില്‍ പൊതുവേ പച്ചമാങ്ങയോടും പുളിയോടുമൊക്കെയായിരിക്കും താല്‍പര്യം.

പക്ഷേ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഗര്‍ഭിണികള്‍ക്ക് മാങ്ങയും ചക്കയുമൊന്നുമല്ല വേണ്ടത്; അവര്‍ക്ക് തിന്നാന്‍ വേണ്ടത് ഒഡോവ എന്ന് വിളിക്കുന്ന കല്ലുകളാണ്. നല്ല സ്റ്റൈലന്‍ പേരുള്ളതുകൊണ്ട് പ്രത്യേക സ്വാദെന്തെങ്കിലുമുള്ള കല്ലുകളാണിതെന്ന് ആരും തെറ്റിദ്ധരിക്കരുത്! സാധാരണ ക്വാറികളില്‍ നിന്നു ശേഖരിക്കുന്ന കല്ലുകള്‍ തന്നെയാണിവ.

ഗര്‍ഭിണികളുടെ ആശ തീര്‍ക്കാനായി നിരത്തുകളിലുള്ള കൊച്ചു സ്റ്റാളുകളിലും പ്രധാന ചന്തകളിലുമെല്ലാം ഒഡോവ എന്ന് വിളിക്കുന്ന കല്ലുകള്‍ വില്‍പനക്കായി വച്ചിട്ടുണ്ട്. ഡോക്ടര്‍മാരും ഈ കല്ല് തീറ്റയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.

Related image

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കല്ലുകള്‍ കഴിക്കാന്‍ പ്രത്യേക താല്‍പര്യം തോന്നുമെന്ന് രണ്ടുമക്കളുടെ അമ്മയായ 29കാരി ജോയ്‌സ് നാവതു പറയുന്നു. പുതുമണ്ണിന്റെ ഗന്ധം പോലെ കല്ലുകളുടെ മണം അവയെ ഭക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് കെനിയയിലെ ഗര്‍ഭിണികളുടെ സാക്ഷ്യം. ഒരു തവണ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിച്ചു കൊണ്ടിരിക്കാന്‍ തോന്നും.

കല്ല് മാത്രമല്ല, കളിമണ്ണ്, മണല്‍, ചേറ് എന്നിവയും കെനിയന്‍ ഗര്‍ഭിണികളുടെ ഇഷ്ട ഭക്ഷണങ്ങളാണ്. ഈ ഭക്ഷണ കല്ലുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണെന്ന് പ്രധാന മാര്‍ക്കറ്റുകളില്‍ കല്ലുകള്‍ വിതരണം ചെയ്യുന്ന ബ്രോക്കര്‍ ലിയാ അദിഹാമ്പോ പറഞ്ഞു. മാത്രമല്ല കല്ലിനെപ്പോലെ ഇത്ര ലാഭകരമായ വസ്തുവും വേറെയില്ലെന്നാണ് അദിഹാമ്പോ പറയുന്നത്.

Related image

ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന കാല്‍സ്യത്തിന്റെയും ധാതുക്കളുടേയും കുറവ് നികത്താന്‍ ഇത്തരം കല്ലുകള്‍ നല്ലതാണെന്ന് നെയ്‌റോബി ആല്‍ഫാ ക്ലിനികിലെ ഡോ. ജേന്‍ മവാംഗി പറഞ്ഞു. കല്ലുകള്‍ കഴിക്കുന്നവര്‍ക്ക് മറ്റ് തരത്തിലുള്ള മരുന്നുകള്‍ നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ ഈ കല്ലുകള്‍ ചിലപ്പോള്‍ അണുബാധക്ക് കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. ഗര്‍ഭിണികള്‍ കല്ലുകള്‍ ഭക്ഷിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ആഫ്രിക്കന്‍ കൌണ്‍സില്‍ ഫോര്‍ ദ ഗിഫ്റ്റഡ് ആന്‍ഡ് ടാലന്റഡ് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.