പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം; പ്രധാനവിളകള്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി വി എസ് സുനില്‍കുമാര്‍

സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം, റബര്‍, നെല്ല് എന്നിവയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പച്ചത്തേങ്ങ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന്റെ വില താഴ്ന്നതോടെയാണ് പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സംഭരണം ഒരു സ്ഥിരം സംവിധാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്ന കാര്‍ഷിക ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം സംസ്ഥാനത്ത് നിലവില്‍ വരും. ഇത്തരത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ സുശക്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയര്‍ വകുപ്പുമായി സഹകരിച്ച് തെങ്ങ് കയറ്റ യന്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. തേങ്ങ തൊണ്ടു സഹിതം ശേഖരിച്ചാല്‍ തൊണ്ട് ഏറ്റെടുക്കാന്‍ കയര്‍ ബോര്‍ഡ് സന്നദ്ധമാണ്. സംഘങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തില്‍ ചകിരി സംസ്‌കരണ യന്ത്രം തരാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരഫെഡ് മുഖേന പച്ചത്തേങ്ങ സംഭരിക്കുന്നത്. പച്ചത്തേങ്ങക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 27 രൂപക്കോ വിപണി വില വര്‍ധിക്കുന്നതിനനുസരിച്ച് ഉയര്‍ന്ന വില നല്‍കിയോ, പച്ചത്തേങ്ങ വാങ്ങി കൊപ്രയാക്കുവാന്‍ അടിസ്ഥാന സൗകര്യമുള്ള സഹകരണസംഘങ്ങള്‍, നാളികേര വികസന ബോര്‍ഡിന് കീഴിലുള്ള നാളികേര ഉദ്പ്പാദന ഫെഡറേഷനുകള്‍/കമ്പനികള്‍ എന്നിവര്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് തേങ്ങ സംഭരിക്കുന്നതാണ് പദ്ധതി.