ന്യൂസീലന്‍ഡ് ഭീകരാക്രമണം: പ്രതി ബ്രന്റന്‍ ടെറാന്റ് സ്വയം വാദിക്കും

വെല്ലിങ്ടന്‍: ന്യൂസീലന്‍ഡില്‍ മുസ്‌ലിം പള്ളിയില്‍ ഭീകരാക്രമണം നടത്തിയ ബ്രന്റന്‍ ടെറാന്റ് തന്റെ അഭിഭാഷകനെ നീക്കി. കോടതിയില്‍ സ്വയം വാദിക്കുമെന്ന നിലപാടാണ് ടെറാന്റിന്റേത്. അതേസമയം, തന്റെ തീവ്ര വിഘടനവാദ നിലപാടുകള്‍ ഉന്നയിക്കാന്‍ ഉചിതമായ സ്ഥാനമായി കോടതിയെ ഉപയോഗപ്പെടുത്താനാണ് ടെറാന്റിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. 50 പേരാണ് ന്യൂസീലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 34 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്. ഒരു നാലുവയസ്സുകാരി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

ഓസ്ട്രേലിയന്‍ പൗരനായ ടെറാന്റിന്റെ മനോനില സ്ഥിരതയുള്ളയാളുടേതു പോലെയാണെന്നു മുന്‍ അഭിഭാഷകന്‍ റിച്ചാര്‍ഡ് പീറ്റേഴ്സ് പറഞ്ഞു. ഇയാള്‍ക്കായി ഈ ശനിയാഴ്ച പീറ്റേഴ്സ് ഹാജരായിരുന്നു. ഏപ്രില്‍ 5നാണ് ഇയാളെ ഇനി കോടതിയില്‍ ഹാജരാക്കുക. വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ നിറച്ച 74 പേജ് കുറിപ്പ് ടെറാന്റിന്റേതായി കണ്ടെത്തി. യൂറോപ്പിലേക്കു കുടിയേറുന്ന നിരക്കുകള്‍ കുറയ്ക്കണമെന്ന് ഇയാള്‍ ഈ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇയാള്‍ പുകഴ്ത്തുന്നുണ്ട്.

അതേസമയം, ന്യൂസീലന്‍ഡിലെ തോക്ക് ഉപയോഗ നിയമത്തില്‍ മാറ്റം വേണമെന്ന് പ്രധാനമന്ത്രി ജസിന്‍ഡ് ആര്‍ഡേന്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. അക്രമി ഉപയോഗിച്ച സെമി ഓട്ടമാറ്റിക് ആയുധങ്ങള്‍ നിരോധിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിയമം മാറുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെ സെമി ഓട്ടമാറ്റിക് ആയുധങ്ങള്‍ ആളുകള്‍ വാങ്ങിക്കൂട്ടുകയാണെന്നു തോക്കു വില്‍പ്പനക്കാര്‍ പറഞ്ഞു.

പട്ടാള വേഷത്തിലെത്തിയ അക്രമി, പ്രാര്‍ത്ഥനായോഗം നടക്കുന്നയിടത്തേക്ക് വെടിവയ്ക്കുകയായിരുന്നു. കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭവം നടക്കുന്ന സമയം അമ്ബതോളം പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. വൈറ്റ് നാഷണലിസ്റ്റ് ഭീകരന്‍ ബ്രെന്‍ഡന്‍ ഹാരിസണ്‍ ടെറന്റ് എന്ന 28 കാരനാണ് കൂട്ടകൊല നടത്തിയത്.