നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ജംഷഡ്പുര്‍ എഫ്‌സി

ജംഷഡ്പൂര്‍: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഐഎസ്എല്ലിലെ ഏഴാം ജയം സ്വന്തമാക്കി ജംഷഡ്പുര്‍ എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പുര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തത്. 51-ാം മിനിറ്റില്‍ വെല്ലിങ്ടണ്‍ പ്രിയോറിയാണ് ജംഷഡ്പൂരിനായി ലക്ഷ്യം കണ്ടത്. ഈ ജയത്തോടെ 25 പോയിന്റുമായി ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ജംഷഡ്പൂരിന്റെ മുന്നേറ്റം കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രതീക്ഷകള്‍ക്കു തിരിച്ചടിയാണ്.

ഏഴ് ജയങ്ങള്‍ക്ക് പുറമെ നാല് സമനിലകളും നാല് തോല്‍വികളുമാണ് കോപ്പലാശാന്റെ ടീമിന്റെ സീസണിലെ ഇതുവരെയുള്ള സമ്പാദ്യം. അതേ സമയം സീസണിലെ ഒന്‍പതാം തോല്‍വിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നത്തെ മല്‍സരത്തില്‍ ഏറ്റുവാങ്ങിയത്. 14 കളികളില്‍ നിന്ന് മൂന്ന് ജയവുമായി ഒന്‍പതാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇപ്പോള്‍.