നോട്ടു നിരോധനം മൂലം തൊഴിൽ നഷ്ടമായത് 50 ലക്ഷം പേർക്ക്

ന്യൂഡല്‍ഹി: 2016 നവംബറില്‍ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ ഫലമായി 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായയെന്ന് പഠന റിപ്പോർട്ട്. ഇതോടെ രാജ്യത്ത് തൊഴിലില്ലായ്മ 2018ല്‍ 6% എന്ന ഉയര്‍ന്ന നിലയിലെത്തി. 1999 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 2-3% എന്ന തോതില്‍ നിലനിന്നിരുന്ന തൊഴിലില്ലായ്മ 2015 ആയപ്പോഴേക്കും ക്രമേണ 5 ശതമാനത്തിലും 2018 ആയപ്പോഴേക്കും 6 ശതമാനത്തിനു മുകളിലുമെത്തി. ഇത് 2000 -2010 ദശകത്തിലുണ്ടായിരുന്നതിന്റെ ഇരട്ടിയാണെന്ന് അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോഡ് സസ്റ്റെയ്‌നബിള്‍ എംപ്ലോയ്‌മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദശകത്തിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ ക്രമേണ വര്‍ദ്ധിച്ചു വരുകയായിരുന്നു. അത് ഏറ്റവും വഷളായ നിലവാരങ്ങളിലേക്കുയര്‍ന്നത് 2016നു ശേഷമാണ്. ഇന്ത്യയുടെ തൊഴില്‍ സ്ഥിതി 2019 (സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2019 ) എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ തൊഴിലില്ലായ്മ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് 20-24 പ്രായത്തിലുള്ള യുവാക്കളെയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതി തൊഴിലെടുക്കുന്നവരിലെ യുവാക്കളെ വളരെ ആശങ്കാകുലരാക്കുന്നുണ്ട്. നഗരങ്ങളിലെയും ഗ്രാമീണ മേഖലയിലെയും സ്ത്രീകളും പുരുഷന്മാരുമായ തൊഴിലാളികളെ ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണിത്. വോട്ടര്‍മാരെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിലൊന്നാണ് തൊഴിലില്ലായ്മയെന്ന് തെരെഞ്ഞെടുപ്പിനു മുമ്പായി നടന്ന എല്ലാ സര്‍വേകളിലും തെളിഞ്ഞിരുന്നു.

തൊഴിലില്ലായ്മ പൊതുവില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ബാധിച്ചിട്ടുള്ളത് സ്ത്രീകളെയാണ്. രാജ്യത്ത് തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്നതിനാല്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ വളരെ രൂക്ഷമാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസഷന്‍ (എന്‍എസ്എസ്ഒ) കാലാകാലങ്ങളില്‍ നടത്തിവരാറുള്ള തൊഴില്‍ സര്‍വേയുടെ വിവരങ്ങള്‍ സ്റ്റാറ്റിറ്റിക്‌സ് മന്ത്രാലയത്തില്‍ നിന്നും ലഭ്യമല്ല. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) നടത്തുന്ന തൊഴില്‍ സര്‍വേ റിപ്പോര്‍ട്ട് മാത്രമാണ് പിന്നെയുള്ളത്. എന്‍എസ്എസ്ഒ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയുണ്ടായി. അതില്‍ 2017-18ല്‍ ഇന്ത്യയില്‍ 6.1% തൊഴിലില്ലായ്മയാണ് ഉള്ളതെന്നും 45 വര്‍ഷങ്ങളിലെ ഏറ്റവുമുയര്‍ന്ന നിരക്കാണതെന്നും പറഞ്ഞിരുന്നു. നാല് മാസങ്ങളിലൊരിക്കല്‍ 1,60,000 ഭവനങ്ങളില്‍ സിഎംഐഇ നടത്തുന്ന തൊഴില്‍ സര്‍വേയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദശകത്തില്‍ പൊതുവിലുള്ള തൊഴിലില്ലായ്മ 3 ശതമാനവും അഭ്യസ്തവിദ്യര്‍ക്കിടയിലെ തൊഴിലില്ലായ്മ 10 ശതമാനവുമായിരുന്നു. 2011നു ശേഷം അഭ്യസ്തവിദ്യര്‍ക്കിടയിലെ തൊഴിലില്ലായ്മ ക്രമേണ ഉയർന്ന് 2016ല്‍ 6 % ആകുകയായിരുന്നു. തൊഴിലില്ലായ്മ സംബന്ധിച്ച വ്യത്യസ്തമായ മൂന്നു സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൂന്നു സ്ഥിതി വിവിവര കണക്കുകളിലും തൊഴിലില്ലായ്മ യുടെ പ്രവണത വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടത്.