നോം കുലെന്‍, കംബോഡിയ: മഹേന്ദ്രപര്‍വ്വതവും സഹസ്രലിംഗങ്ങളുടെ നദിയും

വിപിന്‍ കുമാര്‍

ജീന്‍ ബാപ്റ്റിസ്റ്റ് ചൊവാൻസ് (ആർക്കിയോളജി & ഡവലപ്മെന്റ് ഫൗണ്ടേഷൻ, ലണ്ടൻ), ഡാമിയൻ ഇവാൻസ് (സിഡ്‌നി യൂണിവേഴ്സിറ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള പുരാവസ്തു പര്യവേഷണ സംഘം നിരവധി വർഷങ്ങൾ നീണ്ട അവരുടെ ഗവേഷണത്തിന്റെ ആദ്യ കണ്ടെത്തലുകൾ 2013 ജൂണിൽ പ്രഖ്യാപിച്ചു. ആറു നൂറ്റാണ്ടോളം കംബോഡിയയിലും സമീപ പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിച്ചിരുന്ന ഖമർ സാമ്രാജ്യത്തിന്റെ ആദ്യകാല തലസ്ഥാനനഗരിയായിരുന്ന ‘മഹേന്ദ്രപർവതം’ അവർ നോം കുലെൻ (Phnom Kulen) മലനിരകളിൽ കണ്ടെത്തുകയായിരുന്നു. ലിഡാർ എന്ന നൂതന ലേസർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിയ ഒരാഴ്ച നീളുന്ന വ്യോമനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാടുകയറിയ ഭൂമിയ്ക്കടിയിൽ 30 ഓളം ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന നഗരത്തിന്റെ ലേഔട്ട് തയ്യാറാക്കാനായി.

എഡി അഞ്ചാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയ്ക്ക് തെക്കു-കിഴക്കന്‍ ഏഷ്യയില്‍ ഇന്ത്യയുമായി സാംസ്കാരികവും വാണിജ്യവും രാഷ്ട്രീയവുമായ ബന്ധങ്ങൾ ഉണ്ടായിരുന്ന പ്രബല സാമ്രാജ്യങ്ങളില്‍ ഒന്നായിരുന്നു കംബോഡിയ ഭരിച്ചിരുന്ന ഖമര്‍ (Khmer) അഥവാ അങ്കോര്‍ സാമ്രാജ്യം. മ്യാന്മാറിലെ ബാഗന്‍, തായ് ലന്‍ഡിലെ അയൂത്തായ, വിയറ്റ്നാമിലെ ചമ്പാ, സുമാത്രയിലെ ശ്രീവിജയ, ജാവയിലെ മജാപഹിത് എന്നിവയാണ് മറ്റു പ്രധാനപ്പെട്ട സാമ്രാജ്യങ്ങള്‍. രാജകീയ അധികാരത്തിന് ദൈവദത്തമായ പരിവേഷം നൽകുന്ന ‘ദേവരാജ’ കൾട്ട് ഇത്തരം സാമ്രാജ്യങ്ങളിൽ കാണാൻ കഴിയും.

Image result for phnom kulen

ജയവർമൻ രണ്ടാമൻ ആണ് ഖമർ രാജവംശം സ്ഥാപിക്കുന്നത്. എഡി 802 ൽ മഹേന്ദ്രപർവതത്തിൽ വെച്ച് ജയവർമൻ രണ്ടാമൻ കംബോജദേശത്തിന്റെ സ്വാതന്ത്യ്രം ആഘോഷിക്കുകയും ആഡംബരപൂർണമായ പട്ടാഭിഷേകം നടത്തി സ്വയം ചക്രവർത്തിയായി അവരോധിക്കുകയും ചെയ്തു. സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ജാവ ഭരിച്ചിരുന്ന ശൈലേന്ദ്ര സാമ്രാജ്യത്തിന്റെ ആധിപത്യത്തിൽ നിന്നാണെന്നും അതല്ല വിയറ്റനാം ഭരിച്ചിരുന്ന ചമ്പാ രാജവംശത്തിൽ നിന്നാണെന്നും വാദമുണ്ട്. പിന്നീട് ജയവർമൻ രാജ്യ തലസ്ഥാനം ഹരിഹരാലയയിലേക്ക് (Roluos) മാറ്റി. ഒന്‍പതാം നൂറ്റാണ്ട് അവസാനത്തോടെ ഖമർ രാജധാനി അങ്കോറി (യശോധരപുര) ലേക്ക് മാറി.

കംബോഡിയയിലെ സീം റീപ്പ് പ്രവിശ്യയിലെ നോം കുലെൻ പര്‍വ്വതനിരയിലാണ് നോം കുലെൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ അങ്കോർവാറ്റ് ക്ഷേത്രസമുച്ചയത്തിൽ നിന്നും ഏകദേശം 42 കിലോമീറ്റർ അകലെയാണ് നോം കുലെൻ. ബന്ദേയ് ശ്രീ (Banteay Srei) ശിവക്ഷേത്രത്തിൽ നിന്നുമുള്ള റോഡിൽ 5 കിലോമീറ്റർ സഞ്ചരിക്കണം. പിന്നീട് വനത്തിനുള്ളിലൂടെ 2 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു നടപ്പാതയാണ്. ‘ലിച്ചിപഴങ്ങളുടെ മല’ എന്നാണ് നോം കുലെൻ എന്ന വാക്കിനര്ഥം.

Image result for phnom kulen

നിരവധി ആകർഷകമായ കാഴ്ചകൾ ഉൾക്കൊള്ളുന്നതാണ് നോം കുലെൻ ദേശീയോദ്യാനം. സഹസ്രലിംഗങ്ങളുടെ നദി-കബാൾ സ്പീൻ, ശ്രാ ദാംറൈ ആന ശില്പം, പ്രീഹ് ആങ് തോം ശയന ബുദ്ധൻ തുടങ്ങിയവയാണ് പ്രധാനപ്പെട്ടത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡസൻ കണക്കിന് ക്ഷേത്രങ്ങളും ശിലാശില്പങ്ങളും വേറെയുമുണ്ട്.

കബാൾ സ്പീൻ (Kbal Spean): സഹസ്രലിംഗങ്ങളുടെ നദി

നോം കുലെന്‍ വനപ്രദേശത്തിനുള്ളിലൂടെ ഒഴുകുന്ന കബാൾ സ്പീൻ നദിയുടെ അടിത്തട്ടില്‍, ഉയരം കുറഞ്ഞ നിരവധി ലിംഗ-യോനീ രൂപങ്ങള്‍ ക്രമമായി പാകിയിരിക്കുന്നു. സീം റീപ്പ് നദിയുടെ ഒരു കൈവഴിയായ കബാൾ സ്പീനിനെ അതിനാല്‍ “ആയിരം ലിംഗങ്ങളുടെ നദി” എന്നാണ് വിളിക്കുന്നത്. പാറക്കെട്ടുകളില്‍ ശിവൻ, വിഷ്ണു, ബ്രഹ്മാവ്, ലക്ഷ്മി, രാമന്‍, ഹനുമാൻ, മൃഗങ്ങൾ തുടങ്ങിയ ചിത്രങ്ങളടക്കം നിരവധി ഹിന്ദു ഐതിഹ്യങ്ങൾ ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ ഭരിച്ചിരുന്ന ഖമര്‍ രാജാക്കന്മാരായ സൂര്യവര്‍മ്മന്‍ ഒന്നാമന്റെയും ഉദയാദിത്യവര്‍മ്മന്‍ രണ്ടാമന്റെയും കാലത്താണ് കബാൾ സ്പീൻ ശില്പങ്ങള്‍ ഭൂരിഭാഗവും പണികഴിപ്പിച്ചത്. അങ്കോര്‍ നഗരത്തിലേക്ക് ഒഴുകുന്ന സീം റീപ്പ് നദി ഈ പുണ്യശില്പങ്ങളില്‍ തട്ടി അനുഗ്രഹീതമാകുന്നുവെന്ന് തദ്ദേശീയര്‍ വിശ്വസിക്കുന്നു. പുണ്യതീർത്ഥത്തിലേക്ക് ഇറങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ട്.

Image result for phnom kulen

ശ്രാ ദാംറൈ (Srah Damrei) ആന ശില്പങ്ങൾ

ഒരു കൂറ്റന്‍ ആനയുടെയും അതിനു വശത്തായി നിരവധി സിംഹങ്ങളുടെയും ശിലാശില്പങ്ങള്‍ ശ്രാ ദാംറൈയില്‍ കാണാന്‍ കഴിയും.

ശയന ബുദ്ധൻ:

പ്രീഹ് ആങ് തോം (Preah Ang Thom) പഗോഡയിലെ ബുദ്ധപ്രതിമ ഇവിടെത്തെ മറ്റൊരു ആകർഷണമാണ്. കിടക്കുന്ന രീതിയിലുള്ള 8 മീറ്റർ ഉയരമുള്ള ഈ കൂറ്റൻ ചരൽക്കല്ലുപ്രതിമ താരതമ്യേന പഴക്കം കുറഞ്ഞ നിര്‍മ്മിതിയാണ്.

Image result for phnom kulen

വെള്ളച്ചാട്ടങ്ങൾ:

രണ്ട് പ്രധാന വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. ആദ്യ വെള്ളച്ചാട്ടം: മഴക്കാല സമയങ്ങളിൽ 4-5 മീറ്റർ ഉയരവും 25 മീറ്റർ വീതിയുമുള്ളത്. രണ്ടാമത്തെ വെള്ളച്ചാട്ടം: മഴക്കാല സമയങ്ങളിൽ 15-20 മീറ്റർ ഉയരവും 15 മീറ്റർ വീതിയുമുള്ളത്. വെള്ളച്ചാട്ടങ്ങളുടെ വലുപ്പവും മഴക്കാലവും അനുസരിച്ച് വ്യത്യാസപ്പെടുന്നു.

ഇപ്പോൾ വിദേശ ടൂറിസ്റ്റുകൾ ഉൾപ്പടെ ലക്ഷക്കണക്കിന് സഞ്ചാരികൾ പ്രതിവർഷം നോം കുലെൻ സന്ദർശിക്കുന്നുണ്ട്. കംബോഡിയൻ ആഭ്യന്തര യുദ്ധത്തിനു ശേഷം സർക്കാർ ചരിത്രസ്മാരകങ്ങൾ വീണ്ടെടുത്ത് സംരക്ഷിക്കാൻ സവിശേഷ ശ്രദ്ധ പുലർത്തുന്നുണ്ട്.