നേപ്പാള്‍ – ടിബറ്റ് അതിര്‍ത്തിയില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി

ഡല്‍ഹി : കൈലാസത്തിലേക്കുള്ളയാത്രയില്‍ നേപ്പാള്‍- ടിബറ്റ് അതിര്‍ത്തിയില്‍ തീര്‍ഥാടകര്‍ കുടുങ്ങിയ സംഭവത്തില്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസി ഇടപെട്ടു. തീര്‍ത്ഥാടകരെ ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയായ നേപ്പാള്‍ഗഞ്ചില്‍ എത്തിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.ജൂണ്‍ 8ന് കൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങി കൈലാസത്തിലേക്ക് പോയ 48 പേരടങ്ങുന്ന സംഘത്തിലെ 14 പേരാണ് നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയിലെ ഹില്‍സയിലും സമീപപ്രദേശങ്ങളിലുമായി മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്നത്.

മോശം കാലാവസ്ഥ ആയതിനാല്‍ ഹെലികോപ്ടറുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ഇവരെ കൊണ്ടുപോയ നേപ്പാളിലെ ടൂര്‍ ഏജന്‍സി നിലപാടെടുത്തതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.

എത്രയും വേഗം ഇവരെ രക്ഷപെടുത്തി നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.ഇതിനെ തുടര്‍ന്നാണ് തീര്‍ത്ഥാടകരെ ഹെലികോപ്ടറില്‍ നേപ്പാള്‍ ഗഞ്ചിലെത്തിക്കാമെന്ന് എംബസി അറിയിച്ചത്.