നേതാക്കളുടെ അടിയന്തര യോഗം വിളിച്ച്‌ മമത ബാനര്‍ജി

കൊല്‍ക്കത്ത : തെരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കാലിഖട്ടിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്താനാണ് പാര്‍ട്ടി നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

42 സീറ്റില്‍ 22 സീറ്റിലാണ് തൃണമൂലിന് ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടാനായത്. 2014ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകളിലാണ് പാര്‍ട്ടി വിജയിച്ചത്.

ബിജെപി വന്‍ മുന്നേറ്റമാണ് ബംഗാളില്‍ നടത്തിയത്. 18 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയം നേടിയത്. കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടിയപ്പോള്‍ ഇടതുപാര്‍ട്ടിക്ക് ബംഗാളില്‍ സീറ്റൊന്നും നേടാനായില്ല.