നെയ്യാറ്റിൻകര പുലിപ്പേടിയിൽ ; വനം വകുപ്പ് ഇടപെടൽ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിൽ പുലിയിറങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് കെണി സ്ഥാപിച്ചു. കൊടങ്ങാവിള പറമ്പുവിളയില്‍ വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കെണി സ്ഥാപിച്ചു. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് കൊടങ്ങാവിളയിലെ കാടുപിടിച്ചു കിടക്കുന്ന മേഖലയില്‍ വനംവകുപ്പ് കെണി സ്ഥാപിച്ചത്.

നാല് ആടുകളെ കൊന്നതോടെയാണ് കൊടങ്ങാവിളയിലും പരിസര പ്രാദേശികളിലും ഭീതി ഉടലെടുത്തത് . പുലിയോട് സാദൃശ്യമുളള ജീവിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ അറിയിച്ചു . ഇതേതുടര്‍ന്ന് പ്രദേശത്ത് പുലിയുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്തെത്തി പരിശോധന നടത്തുകയായിരുന്നു . എന്നാല്‍ വലിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയതല്ലാതെ പരിശോധനയില്‍ ഇതുവരെ പുലിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും വനംവകുപ്പിന് ലഭിച്ചിട്ടില്ല .