നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ സൗജന്യമാകും ; എ ടിഎം ചാര്‍ജുകള്‍ ആര്‍ ബി ഐ പുനഃപരിശോധിക്കും

ദില്ലി:  ജൂലൈ 1 മുതൽ ആർടിജിഎസ്, നെഫ്റ്റ് വഴിയുള്ള പണമിടപാടുകൾ സൗജന്യം. ഇരു ചാനലുകളും വഴിയുള്ള ഇടപാടുകൾക്ക് അടുത്ത മാസം മുതൽ സർവീസ് ചാർജ് ഈടാക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് നിർദേശിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ഉണ്ടാകുന്ന നേട്ടം ഉപഭോക്താക്കളില്‍ എത്തിക്കാനുമാണ് നടപടി.

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്‍റ് സിസ്റ്റം എന്നതിന്‍റെ ചുരുക്കെഴുത്താണ് RTGS. വലിയ തുകയുടെ പണമിടപാടുകൾ പെട്ടെന്ന് നടത്താനുള്ള ചാനലാണിത്. രണ്ട് ലക്ഷം രൂപ വരെ പെട്ടെന്ന് അയക്കാൻ ഉള്ള ചാനലാണ് നാഷണൽ ഇലക്ട്രോണിക് ഫണ്ട്‍സ് ട്രാൻസ്ഫർ – NEFT. 

പണനയം ച‍ർച്ച ചെയ്യുന്ന സമിതിയുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ പുതിയ പോളിസി രേഖയിലാണ് NEFT, RTGS ഫീസ് ഒഴിവാക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. നിർദേശങ്ങൾ റിസർവ് ബാങ്ക് ഒരാഴ്ചയ്ക്കകം പുറത്തിറക്കും.

ഇതോടൊപ്പം എടിഎം ചാർജുകൾ ഈടാക്കുന്നതിൽ മാറ്റം വേണോ എന്ന കാര്യം ചർച്ച ചെയ്യാനും റിസർവ് ബാങ്ക് പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. എടിഎം ഉപയോഗം രാജ്യത്ത് വർദ്ധിച്ച സാഹചര്യത്തിലാണിത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അധ്യക്ഷനായ സമിതിയാകും എടിഎം ഫീ സംബന്ധിച്ച് അന്തിമശുപാർശ സമർപ്പിക്കുക. ആദ്യയോഗം ചേർന്നതിന് ശേഷം രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.