നെതന്യാഹുവിന് ഭൂരിഭക്ഷമില്ല; പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ തീരുമാനം

തെല്‍ അവീവ്: ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പാര്‍ലിമെന്റില്‍ ഭൂരിഭക്ഷം തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇസ്‌റാഈല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകുന്നു. സെപ്തംബര്‍ 17ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമെന്നും അതുവരെ കാവല്‍ പ്രധാനമന്ത്രിയായി നെതന്യാഹു തുടരുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതര പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ സാധിക്കാത്തതാണ് നെതന്യാഹുവിന് തിരിച്ചടിയായത്. ഈ സാഹചര്യതച്ചത്തില്‍ പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. 45ന് എതിരെ 74 വോട്ടുകക്കാണ് പാര്‍ലമെന്റ് പിരിച്ചു വിടാന്‍ തീരുമാനം കൈക്കൊണ്ടത്.ഇസ്‌റാഈലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിയുക്ത പ്രധാനമന്ത്രി സഖ്യം രൂപവത്കരിച്ച് സര്‍ക്കാറുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നത്.

ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 120ല്‍ 35 സീറ്റുകളാണ് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നേടിയത്. അവിഗ്‌ദോര്‍ ലിബെര്‍മാന്റെ യിസ്രഈല്‍ ബെയ്‌തെനു പാര്‍ട്ടിയുമായി സഖ്യം രൂപവത്കരിക്കാന്‍ നെതന്യാഹു ശ്രമിച്ചെങ്കിലും, ജൂത സെമിനാരി വിദ്യാര്‍ഥികളെ നിര്‍ബന്ധ സൈനിക സേവനത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള കരട് രേഖ മാറ്റുന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ അലസുകയായിരുന്നു.

120 സീറ്റുകളുള്ള ഇസ്‌റാഈലില്‍ പാര്‍ലിമെന്റില്‍ ചരിത്രത്തില്‍ ഇതു വരെ ഒരു പാര്‍ട്ടിയും ഒറ്റക്ക് ഭൂരിപക്ഷം നേടിയിട്ടില്ല.