നെട്ടൂരില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് പോലിസില്‍ കീഴടങ്ങി

കൊച്ചി: എറണാകുളം നെട്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പോലിസില്‍ കീഴടങ്ങി. നെട്ടൂര്‍ സ്വദേശിനി ബിനിയെയാണ് ഭര്‍ത്താവ് ആന്റണി തലയ്ക്കടിച്ചു കൊന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ബിനിയെ ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കൊലപാതകം നടത്തിയ ഉടന്‍ ആന്റണി തന്നെ പനങ്ങാട് പോലിസ് സ്‌റ്റേഷനിലെത്തി വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും ബിനി മരണപ്പെട്ടിരുന്നു. ബിനിയും ആന്റണിയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കുടുംബകോടതിയില്‍ കേസുകള്‍ നിലവിലുള്ളതായുമാണ് വിവരം.