
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം. കേസ് അന്വേഷിക്കുന്ന ഏഴംഗ ക്രൈംബ്രാഞ്ച് സംഘത്തിന്റെയും നടപടി നേരിടുന്ന പോലിസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ വിളി വിശദാംശങ്ങള്‍ സൈബര്‍ സെല്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണവും ആരംഭിച്ചു. ഇടുക്കി മുന്‍ എസ്പിയുടെ നിര്‍ദേശപ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണു പരാതി.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആരൊയൊക്കെയാണു വിളിക്കുന്നതെന്നും സംഭാഷണത്തിന്റെ വിവരങ്ങളുമാണു പ്രധാനമായും ചോര്‍ത്തിയതെന്നാണു ആരോപണം. നടപടി നേരിട്ട പോലിസ് ഉദ്യോഗസ്ഥരും ഫോണ്‍ ചോര്‍ത്തല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ ഇത് ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി തുടങ്ങിയ സംശയങ്ങളും ശക്തമായിട്ടുണ്ട്.
നെടുങ്കണ്ടം സ്റ്റേഷനിലെ പോലിസുകാരുടെ ഫോണ്‍വിളി വിവരങ്ങളും ചോര്‍ത്തിയതായി ആരോപണമുണ്ട്. കസ്റ്റഡി കൊലപാതക കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിഗമനത്തില്‍തന്നെയാണ് ക്രൈംബ്രാഞ്ച് സംഘം. എസ്ഐ സാബു അടക്കം നാലുപേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ ഒമ്പതുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കേസിലെ സാക്ഷികള്‍ മൊഴി നല്‍കിയിട്ടുള്ളത്.