നൃത്തരംഗങ്ങളിലും മാറ്റം വരുത്തി പദ്മാവത്

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം നിരവധി അഗ്നിപരീക്ഷകള്‍ കഴിഞ്ഞ് ജനുവരി 25ന് തിയേറ്ററുകളിലെത്തും. സെന്‍സര്‍ബോര്‍ഡിന്റെയും കര്‍ണിസേനയുടെയും കടുപിടിത്തങ്ങള്‍ക്ക് മുന്നില്‍ തോറ്റുപോയ പദ്മാവത് പേര് പോലും മാറ്റിയാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ചിത്രത്തിലെ ഗൂമര്‍ എന്ന ഗാനരംഗങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ആദ്യ പുറത്തിറങ്ങിയ വീഡിയോയില്‍നിന്ന് വ്യത്യസ്തമായി ദീപികയുടെ വസ്ത്രങ്ങള്‍ക്ക് കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് വീഡിയോ പുറത്തെത്തിച്ചിരിക്കുന്നത്. വയറിന് ഭാഗത്തെ ശരീരം പൂര്‍ണമായും മറച്ചുകൊണ്ടുള്ളതാണ് പുതിയ വീഡിയോ. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വീഡിയോ യൂട്യൂബിലൂടെ റിലീസ് ചെയ്തത്.

 

രാജസ്ഥാനിലെ റാണിയായിരുന്ന പദ്മാവതിന്റെ പ്രണയകഥ പറയുന്ന ചിത്രത്തിന് നേരെ രാജസ്ഥാന്‍ കര്‍ണിസേന ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ചിത്രത്തില്‍ രജപുത്ര സംസ്‌കാരത്തെ വികലമാക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയത്.

ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്നു ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.