നുണ വിശ്വസിക്കുന്ന മനസ്സ്!!

ഡോ. വിവേക് പൂന്തിയിൽ ബാലചന്ദ്രൻ

പലതവണ ഒരു നുണ പറഞ്ഞാൽ അത് സത്യമാകില്ല എന്ന് നിങ്ങൾക്കറിയാം. പക്ഷേ കൂടുതൽ കേൾക്കുന്തോറും അത് സത്യമായി തോന്നാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?

നിങ്ങളോട് ഒരു സുഹൃത്ത് പറയുന്നു ഇല്ലുമിനാറ്റി സത്യമാണെന്ന്. അവനെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി തലയാട്ടിയെങ്കിലും അതിൽ നിങ്ങൾ വിശ്വസിക്കുന്നില്ല. പിന്നെ നിങ്ങൾ യൂട്യൂബ് തുറന്നപ്പോൾ ഇതാ കിടക്കുന്നു ഇല്ലുമിനാറ്റി സത്യമാണെന്ന് പറയുന്ന ഒരു നാലഞ്ചു വീഡിയോ. അതൊക്കെ നിങ്ങളിരുന്ന് കണ്ടു. പിന്നെ പൃഥ്വിരാജ് വരെ ഇല്ലുമിനാറ്റിയുടെ ആളാണെന്ന് പറയുന്നതും നിങ്ങൾ കേൾക്കുന്നു. ഇത്രയൊക്കെ ഇല്ലുമിനാറ്റിയെകുറിച്ച് കേൾക്കുന്ന കുറച്ചുപേരെങ്കിലും അത് സത്യമാണെന്ന് വിശ്വസിച്ചുപോകും. മനുഷ്യൻറെ തലച്ചോറ് അങ്ങനെയാണു. പലതവണ കേൾക്കുന്ന ഒരു കാര്യം സത്യമാണെന്ന് നമുക്ക് തോന്നും. ഇങ്ങനെ സംഭവിക്കുന്നത് കോഗ്നിറ്റീവ് ഈസ് എന്ന ഒരു സംഗതിയിലൂടെയാണ് എന്താണ് ഈ കോഗ്നിറ്റീവ് ഈസ്? ഇതിന് മലയാളത്തിൽ ഉചിതമായ ഒരു പദം ഉണ്ടോ എന്നെനിക്കറിയില്ല, നമുക്കിതിനെ തൽക്കാലം ഗ്രഹണ ലാളിത്യം എന്ന് വിളിക്കാം. നമുക്ക് ഏതെങ്കിലും രീതിയിൽ ഈസിയായ, പരിചയമുള്ള ഒരു കാര്യത്തെ പെട്ടെന്ന് ആഗിരണം ചെയ്യാനുള്ള തലച്ചോറിൻറെ പ്രവണതയാണ് ഗ്രഹണ ലാളിത്യം. ഒന്നുകൂടി വിശദമായി പറയുകയാണെങ്കിൽ ഒരു ചോദ്യത്തിന് പ്രത്യക്ഷത്തിൽ ശരിയാണെന്ന് തോന്നുന്ന 2 ഉത്തരങ്ങൾ ഉണ്ടെന്നു കരുതക. അതിൽ ഈസി ആയതായിരിക്കും നമ്മുടെ തലച്ചോറു തിരഞ്ഞെടുക്കുക, ഉത്തരം അതല്ലെങ്കിൽ പോലും. ഇതാണ് ഗ്രഹണ ലാളിത്യം.

Image result for brain

ഏറ്റവും എളുപ്പമുള്ള ഒരു കാര്യം ചെയ്യാനാണ് നമ്മുടെ തലച്ചോറിനിഷ്ടം. അതുകൊണ്ടാണ് എന്തെങ്കിലും കഷ്ടമുള്ള പ്രത്യേകിച്ച് തല ഉപയോഗിക്കേണ്ടിവരുന്ന പണിനിർത്തി ഫേസ്ബുക്ക് നോക്കാൻ നമുക്ക് തോന്നുന്നത്. ഒരു പാട്ട് ആദ്യമായി കേൾക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടൂ എന്ന് വരില്ല പക്ഷേ അത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ പാട്ട് ഇഷ്ടപ്പെടാറില്ലേ? അതിൻറെ കാരണം ഗ്രഹണ ലാളിത്യം ആണ്. കൂടുതൽ പരിചയമുള്ള കാര്യങ്ങൾ ഗ്രഹണ ലാളിത്യം തരും. അതാണ് തലച്ചോറിന് ഇഷ്ടം. അതു കൊണ്ടാണ് വലിയ കമ്പനികളുടെ പരസ്യങ്ങളിൽ സെലിബ്രിറ്റികളെകൊണ്ട് അഭിനയിപ്പിക്കുന്നത്. ശരിക്ക് കമ്പനികൾക്ക് വേറെ ആരെങ്കിലും കൊണ്ട് പരസ്യം ചെയ്താൽ പോരേ? പൈസ ലാഭമല്ലേ? പക്ഷേ സെലിബ്രിറ്റികളെ നമുക്ക് കണ്ട് പരിചയമുണ്ട്. അവർ ചിരിച്ച് ഒരു പ്രോഡക്റ്റിനെകുറിച്ച് പറയുമ്പോൾ, ഒരു പ്രത്യേക പേസ്റ്റ് കൊണ്ട് പല്ലുതേച്ചപ്പോൾ അവരുടെ പല്ല് തിളങ്ങാൻ തുടങ്ങി എന്നൊക്കെ പറയുമ്പോൾ അവരോടുള്ള പരിചയം കാരണം നമ്മുടെ തലച്ചോറ് കമ്പനിയേയും പ്രോഡക്റ്റ്നെയും വിശ്വസിക്കും. അതും ഗ്രഹണ ലാളിത്യം കൊണ്ടാണെന്ന് മനസ്സിലായില്ലേ.

ഇതിന് പരിണാമം ആയിട്ടും ബന്ധമുണ്ട്. തലച്ചോറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പണിയാണു അപകടങ്ങളെ തിരിച്ചറിയുക എന്നത്. അങ്ങനെ അപകടങ്ങളെ പെട്ടെന്ന് മനസ്സിലാക്കി നമ്മുടെ പൂർവികർ രക്ഷപ്പെട്ടതുകൊണ്ടാണ് ഇന്ന് നമ്മൾ ഇവിടെയുള്ളത്. പരിചയമുള്ള സാധനങ്ങൾ, വസ്തുക്കളൊക്കെ അപകടമല്ല എന്ന് നമുക്കറിയാം. എന്നാൽ പുതിയ വസ്തുക്കൾ, ആളുകളൊക്കെ ഒരുപക്ഷേ അപകടം ആയിരിക്കാം. അതുകൊണ്ടുകൂടിയാണ് പരിചയമുള്ള കാര്യങ്ങൾ കാണുമ്പോൾ ഗ്രഹണ ലാളിത്യം കാരണം നമുക്ക് ഒരു സുഖവും സന്തോഷവും വിശ്വാസവുമൊക്കെ കിട്ടുന്നത്.

Image result for brain

പക്ഷേ ഈ ഗ്രഹണ ലാളിത്യം കാരണം ചില പ്രശ്നങ്ങളുണ്ട്. ഇത് കൃത്രിമമായി സൃഷ്ടിക്കാൻ കഴിയും. നുണ ആണെങ്കിൽ പോലും ഒരു കാര്യം പലതവണ പറഞ്ഞാൽ നമ്മൾ അത് വിശ്വസിക്കും. ഉദാഹരണത്തിന് മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പരീക്ഷണത്തെക്കുറിച്ച് പറയാം. ഇല്ലാത്ത ചില വാക്കുകൾ ഉൾപ്പെടുത്തിയ വാർത്തകൾ ശാസ്ത്രജ്ഞർ കുട്ടികളിൽ എത്തിച്ചു. അതിൽ ചില വാക്കുകൾ ആ വാർത്തകളിൽ ഒന്നോ രണ്ടോ തവണ മാത്രം വന്നപ്പോൾ മറ്റു ചിലത് ഒരുപാട് തവണ വന്നു. ആ വാർത്തകൾ വായിച്ചു കുട്ടികളോട് ആ വാക്കുകളിൽ ഏതു വാക്കുകൾ ആണ് നല്ലത് എന്ന് ചോദിച്ചപ്പോൾ ഏറ്റവും കൂടുതൽ തവണ അവർ കണ്ട വാക്കുകൾ ആണ് നല്ലത് എന്നാണ് അവർ പറഞ്ഞത്. അതിലെ ഒരു വാക്കിൻറെയും അർഥം അവർക്ക് അറിയില്ലെങ്കിൽ പോലും.

ഏതെല്ലാം കാര്യങ്ങളാണ് ഗ്രഹണ ലാളിത്യത്തെ തൃപ്തിപ്പെടുത്തുന്നത് അല്ലെങ്കിൽ ഏതുതരം കാര്യങ്ങൾ കൂടുതൽ വിശ്വസിക്കാനാണു് നമുക്കിഷ്ടം:

  1. കൂടുതൽ പരിചയമുള്ള കാര്യങ്ങൾ കാര്യങ്ങൾ സത്യമാണെന്ന് നമ്മൾ വിശ്വസിക്കും.
  2. എന്താണോ എളുപ്പം അത് നമ്മൾ വിശ്വസിക്കും. പ്രപഞ്ചം ഉണ്ടായത് ബിഗ് ബാങ്കിലൂടെയാണ് അല്ലെങ്കിൽ നമ്മൾ ഈ അവസ്ഥയിൽ എത്തിയത് പരിണാമത്തിലൂടെയാണ് എന്നതൊക്കെ നമ്മൾ മതപരമായി വിശ്വസിക്കുന്ന കാര്യങ്ങളെ അപേക്ഷിച്ച് മനസ്സിലാക്കാൻ പാടാണ്. പ്രത്യേകിച്ച് ചെറുപ്പം മുതലേ മതപരമായ കാര്യങ്ങൾ ആണ് കൂടുതൽ കേട്ടിട്ടുള്ളതെങ്കിൽ. അതുകൊണ്ട് ഈസി ആയിട്ടുള്ള കാര്യങ്ങൾ അത് തെറ്റാണെങ്കിൽ പോലും നമ്മൾ വിശ്വസിക്കും.
  3. എന്താണോ നമ്മുടെ ആൾറെഡി ഉള്ള വിശ്വാസത്തെ തൃപ്തിപ്പെടുത്തുന്നത്.
    ഒരു കോൺഗ്രസുകാരന്റെ വീട്ടിൽ ജനിച്ച കുട്ടിക്ക് മിക്കവാറും കോൺഗ്രസ് പാർട്ടിയോട് ചായ്‌വ് കൂടുതൽ ആയിരിക്കും. മറ്റ് പാർട്ടികളുടെ കാര്യവും ഇതുതന്നെ. അതേ പോലെ തന്നെയാണു നിങ്ങൾ ഏതു മതത്തിൽപ്പെട്ട രക്ഷിതാക്കൾക്കാണ് ജനിക്കുന്നത് എന്നതും. രക്ഷിതാക്കളുടെ വിശ്വാസത്തിൽ തന്നെയാണ് മിക്ക കുട്ടികളും തുടരുക. കാരണം ചെറുപ്പംതൊട്ടേ ഏറ്റവും കൂടുതൽ കേൾക്കുന്നത് ആ മതത്തെകുറിച്ചാണ് അതിൻറെ മഹിമയാണ്. അതുകൊണ്ട് നമ്മുടെ ഗ്രഹണ ലാളിത്യത്തെ തൃപ്തിപ്പെടുത്തുന്ന ആ പ്രത്യയശാസ്ത്രത്തിൽ തന്നെ തുടരുന്നതായിരിക്കും നമ്മുടെ തലച്ചോറിന്‌ ഇഷ്ടം.

ഇത്രയും പറഞ്ഞതിനന്റെ അർത്ഥം ഗ്രഹണ ലാളിത്യം കേടുള്ള ഒരു കാര്യം ആണെന്നതല്ല. ഉള്ള റിസോഴ്സ് ഉപയോഗിച്ച് തലച്ചോറിനെ എഫിഷ്യന്റ് ആക്കാൻ അതായത് തലച്ചോറിന്റെ ലോഡ് കുറയ്ക്കാൻ വേണ്ടിയാണ് ഗ്രഹണ ലാളിത്യം പോലുള്ള കാര്യങ്ങളൊക്കെ ഉണ്ടായിട്ടുള്ളത്. എന്നിരുന്നാലും ഇടയ്ക്കൊക്കെ കുറച്ചൊക്കെ സൂക്ഷിച്ചാൽ നമുക്ക് നല്ലതാണ്. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒക്കെ ഒരു കാര്യം പതിനായിരം തവണ ഷെയർ ആയിട്ടുണ്ട് എന്നതുകൊണ്ടും അത് കേൾക്കാൻ സുഖമുള്ള ഒരു കാര്യം ആയതു കൊണ്ടും അത് സത്യമാകണമെന്നില്ല എന്ന് തിരിച്ചറിഞ്ഞാൽ നല്ലത്. അതേപോലെ നമ്മൾ ആരാധിക്കുന്ന ആളുകളുടെ വിശ്വാസങ്ങൾ, അവർ പറയുന്ന കാര്യങ്ങളൊക്കെ ശരിയായിക്കൊള്ളണമെന്നില്ല എന്ന് തിരിച്ചറിയുന്നതും നല്ലതായിരിക്കും. കാരണം അവർക്കുമുണ്ട് ഈ ഗ്രഹണ ലാളിത്യമൊക്കെ.

നിങ്ങളോട് ഒരു ചോദ്യം! ഈ ഗ്രഹണ ലാളിത്യം കാരണം നിങ്ങൾ വിശ്വസിച്ച അല്ലെങ്കിൽ വിശ്വസിക്കുന്ന ഒരു കാര്യം എന്താണെന്ന് കമൻറ് ബോക്സിൽ എഴുതുമല്ലോ!