നിലം നികത്തല്‍ സഭയിലുയര്‍ത്തി പ്രതിപക്ഷം; നിയമോപദേശം തേടിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: കുന്നത്തുനാട് നിലംനികത്തല്‍ വിഷയം സഭയില്‍ ഉയര്‍ത്തിപ്രതിപക്ഷം. വിവാദവ്യവസായിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. മുന്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി നിയമലംഘനത്തിന് കണ്ണടച്ചത് എങ്ങനെയെന്നും ചോദിച്ചു.

ഉത്തരവിറക്കുന്നതില്‍ അസാധാരണ തിടുക്കമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കളക്ടര്‍ എജിയുടെ നിയമോപദേശം തേടിയിരിക്കെ എന്തിനാണ് വീണ്ടും എജി യുടെ നിയമോപദേശം തേടിയതെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം ഉത്തരവ് മരവിപ്പിച്ചുകഴിഞ്ഞതാണെന്ന് റവന്യൂമന്ത്രി വിശദമാക്കി.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജില്‍ 15 ഏക്കര്‍ നിലം നികത്താന്‍ കളക്ടറുടെ ഉത്തരവ് മറികടന്ന് റവന്യു വകുപ്പ് അഡീഷണല്‍ സെക്രട്ടറി അനുമതി നല്‍കിയിരുന്നു . കഴിഞ്ഞ ജനുവരി 31നായിരുന്നു സ്ഥമമുടമകള്‍ക്ക് അനുകൂലമായി റവന്യു അഡീഷണല്‍ സെക്രട്ടറി ഉത്തരവിറക്കിയത് .

ഈ ഉത്തരവ് അടിയന്തരമായി മരവിപ്പിക്കാന്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ റവന്യു വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ ഫയലുകള്‍ വരുത്തിയ റവന്യു മന്ത്രി വിശദമായ നിയമോപദേശം തേടിയ ശേഷമാണ് ഉത്തരവ് മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് .