നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്‌

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്. സമാസമത്തില്‍ കലാശിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ദിമിതര്‍ ബെര്‍ബറ്റോവ് ഗോള്‍ നേടിയിട്ടും എടികെ-ബ്ലാസ്റ്റേഴ്‌സ് പോരാട്ടം സമനിലയില്‍ കലാശിച്ചു (2-2). ഇതുവരെ എടികെയെ പരാജയപ്പെടുത്തിയിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. ഗുയോണ്‍ ബാല്‍വിന്‍സണ്‍ (36), ദിമിതര്‍ ബെര്‍ബറ്റോവ് (55) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോള്‍വല കുലുക്കിയത്.

കൊല്‍ക്കത്തയ്ക്കായി റയാന്‍ ടെയ്‌ലര്‍ (38), ടോം തോര്‍പ്പെ (78) എന്നിവരും ഗോള്‍ നേടി. മല്‍സരത്തില്‍ രണ്ട് തവണ ലീഡെടുത്തിട്ടും സമനില വഴങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി. മൂന്നു പോയിന്റ് നേടി പോയിന്റ് പട്ടികയില്‍ നാലാമതെത്താമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹവും ഇന്നത്തെ സമനിലയിലൂടെ തകര്‍ന്നു. 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍.